കള്ളപ്പണം ആരോപിച്ച് പാലക്കാട്ട് കോണ്‍ഗ്രസ് വനിതാനേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറിയിലെ പൊലീസ് പരിശോധനയില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനായി നീലട്രോളി ബാഗില്‍ പണം എത്തിച്ചെന്നായിരുന്നു സിപിഎം ആരോപണം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ സിപിഎം ഒരുങ്ങുന്നതിന് ഒരുമുഴം മുമ്പേ നീല ട്രോളി ബാഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
ട്രോളി ബാഗില്‍ വസ്ത്രങ്ങളാണെന്ന് പറഞ്ഞ രാഹുല്‍ ബാഗ് പൊലീസിന് കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞു. തന്‍റെ കൈവശം ട്രോളി ബാഗ് ഉണ്ടെന്ന് നേരത്തേ പറഞ്ഞതാണ്. ട്രോളി ബാഗുമായി അല്ലാതെ താന്‍ എങ്ങനെ പോകാനാണ്? ട്രോളി ബാഗ് തന്‍റെ വണ്ടിയില്‍ എപ്പോഴും ഉണ്ടാകുമന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫെനി നൈനാന്‍ കെ.എസ്.യു സംസ്ഥാന ഭാരവാഹിയാണ്. ഉപതിരഞ്ഞെടുപ്പില്‍ ചുമതലയുണ്ട്. മുന്‍പ് ഫെനിയെ അറസ്റ്റ് ചെയ്തു എന്നത് ശരിയാണ്. അറസ്റ്റ് ചെയ്ത ദിവസം തന്നെ ജാമ്യം ലഭിച്ചു. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായെന്നായിരുന്നു ആരോപണം . കുറ്റം രാജ്യദ്രോഹമെങ്കില്‍ ആദ്യദിവസം തന്നെ ജാമ്യംകിട്ടുമോ എന്നും രാഹുല്‍ ചോദിച്ചു.
അതേ സമയം പാലക്കാട്ടേയ്ക്ക് കോണ്‍ഗ്രസിനായി കള്ളപ്പണം ഒഴുകിയെന്ന ആരോപണം ആവര്‍ത്തിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു രംഗത്തെത്തി. വ്യാജ ഐഡി കാര്‍ഡ് കേസിലെ ഒന്നാം പ്രതി ഫെനി നൈനാനാണ് നീല ട്രോളി ബാഗില്‍ പണം എത്തിച്ചത്. ഈ ട്രോളി ബാഗ് കെപിഎം റീജന്‍സിയിലെ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റി. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും ജ്യോതികുമാര്‍ ചാമക്കാലയും മുറിയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലും അവിടേക്ക് എത്തിയെന്നായിരുന്നു സുരേഷ് ബാബുവിന്‍റെ ആരോപണം.