സെക്സ് ചാറ്റ് ചെയ്തും വാട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്തും തൃശൂരിലെ വ്യാപാരിയില്‍ നിന്ന് രണ്ടരക്കോടിയോളം തട്ടിയ കൊല്ലം കരുനാഗപ്പിള്ളി സ്വദേശി ഷെമിയുടെ തന്ത്രങ്ങള്‍ ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയെ വെല്ലും വിധമാണ്. ആദ്യം വ്യാപാരിയുടെ വാട്സാപ്പിലേക്ക് ഒരു ഹായ് അയക്കും. തിരികെ റിപ്ലെ വന്നാല്‍ പിന്നാലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇരുപത്തിമൂന്നുകാരി ആവണിയെന്ന് സ്വയം പരിചയപ്പെടുത്തും പിന്നാലെ വിശേഷങ്ങള്‍ ചോദിച്ച് ചാറ്റ് ചെയ്യും. ആദ്യം ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ രണ്ടായിരം രൂപ ചോദിച്ചു. പിന്നെ, പല ആവശ്യങ്ങള്‍. തുക അയ്യായിരമായി , പതിനായിരമായി, ചോദിക്കുന്ന തുകയുടെ വലിപ്പം കൂടിയപ്പോള്‍ വീഡിയോ കോള്‍ വിളിച്ചു. Read More : വാട്സാപ്പില്‍ യുവതിയുടെ ഒരു ഹായ് കിട്ടി; മറുപടിയില്‍ പോയത് രണ്ടരക്കോടി
അറുപത്തിമൂന്നു വയസുകാരനായ വ്യാപാരി വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ഞെട്ടിപ്പോയി. അപ്പുറത്ത് വിവസ്ത്രയായ യുവതി. സെക്സ് കലര്‍ന്ന സംസാരം. ഈ വീഡിയോ കോള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. കോള്‍ കട്ടായ ശേഷം യുവതിയുടെ സംസാര ശൈലി മാറി. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഭാര്യയ്ക്കു അയച്ചു കൊടുക്കും ഇങ്ങനെ പലതരം ഭീഷണികള്‍. അവസാനം ഭാര്യയുടെ ഭൂമി വിറ്റ വകയില്‍ ഒന്നരക്കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന തുക പിന്‍വലിച്ച് യുവതിക്ക് കൊടുക്കുന്നു.
വ്യാപാരിയുടെ മകന് തോന്നിയ സംശയമാണ് ഈ കഥയിലെ ട്വിസ്റ്റ്, സംഭവം പൊലീസിനെ അറിയിക്കുന്നു, അന്വേഷണത്തില്‍ വ്യാപാരിയെ ഫോണില്‍ വിളിച്ച് സംസാരിച്ച യുവതി കൊല്ലം കരുനാഗപ്പിള്ളി സ്വദേശി ഷെമിയാണെന്ന് തിരിച്ചറിഞ്ഞു. മുപ്പത്തിയെട്ടു വയസുണ്ട്. രണ്ടാം വിവാഹം. കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള സ്വദേശി സോജനായിരുന്നു ഭര്‍ത്താവ്. ഡ്രൈവറാണ്. ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട് ഷെമിയ്ക്ക്. സോജന്‍റെ മാതാപിതാക്കളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചിരുന്നു. ഷെമിയുടേയും സോജന്‍റെയും അക്കൗണ്ടുകളിലും പണം കൈമാറി. പൊലീസ് ആദ്യം ചെയ്തത്, ഈ നാല് അക്കൗണ്ടുകള്‍ മരവിപ്പിക്കലാണ്. ഏകദേശം പതിനേഴു ലക്ഷം രൂപയോളം അക്കൗണ്ടുകളിലുണ്ടായിരുന്നു. 82 പവന്‍ സ്വര്‍ണം, ഇന്നോവ കാര്‍, ടയോട്ട ഗ്ലാന്‍സ കാര്‍ , മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇതെല്ലാം ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.