ആത്മകഥ വിവാദത്തിൽ ഇ.പി. ജയരാജനെ പിന്തുണച്ച് പി.വി അന്‍വര്‍ . ഇ.പി ജയരാജനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ആത്മകഥക്കുമപ്പുറം എന്ന എഴുത്തോടെ സഖാവ് ഇ.പി എന്നാണ് അന്‍വര്‍ വിശേഷിപ്പിച്ചിരുക്കുന്നത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്‍റുമായി എത്തുന്നത്. ഇ.പി പ്രസ്ഥാനത്തെ ചതിക്കില്ലെന്നും അന്‍വറല്ലാ ഇ.പിയെന്നും കമന്‍റുകളുണ്ട്.
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിനെ വെട്ടിലാക്കിയ ആത്മകഥ വിവാദം ഉണ്ടായത്. ഇപി ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉണ്ടായിരുന്നത്. യുഡിഎഫില്‍ സ്ഥാനാര്‍ഥിത്വം കിട്ടാതായപ്പോള്‍ ഇരുട്ടി വെളുക്കുംമുന്‍പുള്ള മറുകണ്ടംചാടലാണ് സരിന്റേതെന്നാണ് നിലപാട്. സ്വതന്ത്രര്‍ വയ്യാവേലിയായ സന്ദര്‍ഭമുണ്ടെന്നും പി.വി.അന്‍വര്‍ അതിന്റെ പ്രതീകമാണെന്നും പരാമര്‍ശമുണ്ട്. പ്രസാധകരായ ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്ന വിവരം പുറത്തുവിട്ടത്. പിന്നാലെ ഇതിലെ പേജുകളുടേതെന്ന് കരുതുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ആ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും ഇ.പി. ആത്മകഥയില്‍ പറയുന്നു. കഥകള്‍ പ്രചരിപ്പിച്ചത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്. ജാവഡേക്കറെ കണ്ട കാര്യം തുറന്നുപറഞ്ഞത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനെന്നും ഇപി വ്യക്തമാക്കുന്നു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതിലെ അതൃപ്തിയും പ്രയാസവും സിപിഎം കേന്ദ്രകമ്മിറ്റിം അംഗമായ നേതാവ് പങ്കുവച്ചു. ‘ഈ വിഷയത്തില്‍ പാര്‍ട്ടി എന്നെ മനസിലാക്കിയില്ല എന്നതില്‍ വിഷമമുണ്ടെ’ന്നും ഇ.പി. പറയുന്നു.
അതേ സമയം ആത്മകഥാവിവാദത്തില്‍ ഡി.സി. ബുക്സിന് വക്കീല്‍ നോട്ടിസ് അയച്ച് എല്‍.ഡി.എഫ് മുന്‍ കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ.പി.ജയരാജന്റെ നോട്ടിസ്. അറിയാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും എല്ലാ പോസ്റ്ററുകളും പിന്‍വലിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ ഇ.പി. ചൂണ്ടിക്കാട്ടി.