വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമാണ് മുത്തപ്പനെന്നാണ് വിശ്വാസം. വന്നവരെ മടക്കുകയോ, പോകുന്നവരെ വിളിക്കുകയോ ചെയ്യാത്ത ദൈവമായും മുത്തപ്പനെ പറയാറുണ്ട്. വീടുകളിൽ സാധാരണയായി മുത്തപ്പൻ വെള്ളാട്ടമുണ്ടാവാറുണ്ട്. പലപ്പോഴും പല വികാരനിർഭരമായ രംഗങ്ങളും അവിടെ കാണാന്‍ സാധിക്കും. അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Also Read :'ഇത്രയും മൂല്യമുള്ളതിന് പകരം തരാൻ ഒന്നുമില്ല'; ചിത്രം വരച്ച കുഞ്ഞിനെ ചേർത്ത് പിടിച്ച് മുത്തപ്പൻ
ഒരു കുഞ്ഞുമായി അമ്മ മുത്തപ്പന്‍റെ അടുത്ത് എത്തുന്നതും. ആ കുഞ്ഞിനെ തന്‍റെ മടിയില്‍ ഇരുത്തി താലോലിക്കുന്നതും വിഡിയോയില്‍ കാണാം. മുത്തപ്പന്‍റെ മുഖത്ത് നോക്കി കുഞ്ഞ് പുഞ്ചിരിക്കുന്നതും ആ പൊന്നോമനയെ മുത്തപ്പന്‍ നെഞ്ചോട് ചേര്‍ക്കുന്ന ഹൃദ്യമായ കാഴ്ചയാണ് വിഡിയോയിലുള്ളത്.
നേരത്തെ മുത്തപ്പന്റെ ചിത്രം വരച്ച കുഞ്ഞു ചിത്രകാരനും മുത്തപ്പന്‍ വെള്ളാട്ടവും തമ്മിലുള്ള വിഡിയോ രംഗം വൈറലായിരുന്നു. പുത്തൂര്‍ നാറോത്തും ചാല്‍ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പന്‍ വെള്ളാട്ട സമയത്തെ ഭക്തിനിര്‍ഭരമായ രംഗങ്ങളാണ് വൈറലായത്. തൊട്ടടുത്ത വീട്ടിലെ രണ്ടാം ക്ലാസുകാരന്‍ നവദേവ് അമ്മൂമ്മ ഓമനയോടൊപ്പം മുത്തപ്പനെ കാണാനെത്തിയിരുന്നു. അടുത്തവീട്ടില്‍ മുത്തപ്പന്‍ വെള്ളാട്ടമുണ്ടെന്നറിഞ്ഞപ്പോള്‍ നവദേവ് മുത്തപ്പന്റെ ചിത്രം ക്രയോണ്‍കൊണ്ട് വരച്ചിരുന്നു. വെള്ളാട്ടം കാണാനായി പോകുമ്പോള്‍ ചിത്രം നവദേവ് ഒപ്പം കൊണ്ടുപോയി. വെള്ളാട്ടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ വരച്ച മുത്തപ്പനും കാണുന്ന മുത്തപ്പനും ഒരേപോലെയാണോ എന്നറിയാന്‍ നവദേവ് ഇടയ്ക്കിടെ ചിത്രം എടുത്ത് നോക്കുന്നത് മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. 'നീ അങ്ങനെ മറച്ചുവെച്ചാലും ഞാന്‍ കാണാതെ പോകുമോ' എന്ന് മൊഴിചൊല്ലി കുഞ്ഞിനെ മാറോടണച്ചപ്പോള്‍ നവദേവിനൊപ്പം കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. ഇത്രയും മൂല്യമുള്ളതിന് പകരമൊന്നും തരാന്‍ എന്റെകൈയിലില്ലെന്ന് മൊഴിചൊല്ലി കൂടുതല്‍ നന്നായി വരക്കാന്‍ തൊഴുത് വരവില്‍നിന്ന് നിറം വാങ്ങാന്‍ പണം നല്‍കി മുത്തപ്പന്‍ നവദേവിനെ അനുഗ്രഹിച്ചു.