പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു.

പിച്ചാത്തിയും വെട്ടുകത്തിയും കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച സന്തോഷിനെ സാഹസികമായാണ് പൊലീസ് പിടിച്ചത്. ഉടന്‍ തന്നെ കുറുവ സംഘത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെത്തി പൊലീസ് ജീപ്പ് ആക്രമിച്ചു. ആ പഴുതില്‍ സന്തോഷ് രക്ഷപ്പെടുകയായിരുന്നു. കൈവിലങ്ങുണ്ടായിരുന്നതിനാലും വസ്ത്രങ്ങള്‍ ഊരി എറിഞ്ഞതിനാലും സന്തോഷ് ഏറെ ദൂരം പോയിരിക്കാനിടയില്ലെന്ന് പൊലീസ് കണക്കുകൂട്ടി. കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ കാടുപിടിച്ച ചതുപ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. നീന്തി രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ബോട്ടില്‍ സഞ്ചരിച്ചു പരിശോധന നടത്തി. നൂറിലേറെ പൊലീസുകാര്‍ തിരച്ചിലിന്‍റെ ഭാഗമായി. പത്തു മണിയോടെ ലക്ഷ്യത്തിലേയ്ക്ക്. സന്തോഷിനെ കിട്ടിയതായി മനോരമ ന്യൂസ് ലൈവില്‍ ഡിവൈഎസ്പി സ്ഥിരീകരിച്ചു. 

കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിയ കൂരയിലായിരുന്നു ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തിയ കുറുവ സംഘത്തിലെ പ്രധാനി സന്തോഷ് ഒളിച്ചിരുന്നത്. സന്തോഷിന്‍റേതെന്ന് സംശയിക്കുന്ന ഫോട്ടോ തമിഴ്നാട് പൊലീസ് അയച്ചു തന്നിരുന്നു. 

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കായി മറ്റു ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് സന്തോഷ് പിടിയിലായത്. ആലപ്പുഴയിലെ മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്നാണ് പൊലീസ് നിഗമനം. 

ENGLISH SUMMARY:

Kuruva Gang Member Makes Daring Escape from Police Custody