പിഡിപി നേതാവ് അബ്ദുൽ നാസര്‍ മഅദനിയുടെ വീട്ടിൽ സഹായിയായി കൂടി മോഷണം നടത്തിയ റംഷാദ് കൊടുംക്രിമിനലെന്ന് പൊലീസ്. മോഷണം ഉൾപ്പെടെ തിരുവനന്തപുരത്ത് ഇയാൾക്കെതിരെ 35 കേസുകളുണ്ടെന്നു പൊലീസ് പറയുന്നു.  മഅദനിയുടെ കറുകപ്പിള്ളിയിലെ വീട്ടില്‍നിന്ന് 7 പവന്‍ സ്വര്‍ണവും 7500 രൂപയുമാണ് റംഷാദ് മോഷ്ടിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ച 2 പവന്റെ കൈച്ചെയിൻ കണ്ടെടുത്തു. ബാക്കി സ്വർണം വിൽക്കുന്നതിനു സുഹൃത്തിനെ ഏൽപ്പിച്ചിരിക്കുകയാണ് എന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. 

തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദിനെ ഇന്നലെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മഅദനിയുടെ പിതാവ് കറുകപ്പിള്ളിയിലെ വീട്ടിലാണു കഴിയുന്നത്. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു റംഷാദ്. വൃക്കരോഗം കൂടിയതിനാൽ മഅദനി ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി ഞായറാഴ്‌ചയാണു വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. തുടർന്ന്‌ മഅദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസിൽ പരാതി നൽകി. വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം നഴ്‌സ് റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്‌.

ENGLISH SUMMARY:

Theft at Madani's house; Home nurse arrested, accused in 30 cases, police says