ഒന്ന് കണ്ണടച്ചതെയുള്ളു ദാ വന്നു ദേ പോയി എന്ന അവസ്ഥയില്‍ കള്ളന്‍ വീട്ടിലേക്ക് ചാടി കയറി, പിന്നാലെ മോഷണം, 25,000 രൂപയും നഷ്ടപ്പെട്ടു. കള്ളൻമാർ പ്രദേശത്തുണ്ടെന്ന പൊലീസ് മുന്നറിയിപ്പിന് പിന്നാലെ രാത്രിയിൽ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറിയ കഥയാണ് വൈക്കത്ത് നിന്നുണ്ടാവുന്നത്. വൈക്കം വെള്ളൂർ സ്വദേശി ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് 25,000 രൂപ മോഷണം പോയത്. വീട്ടുകാർ ഉറങ്ങിപ്പോയതോടെ കുറ്റി ഇടാത്ത വാതിലിലൂടെ കയറിയായിരുന്നു മോഷണം.
നാട്ടുകാരെ മുഴുവൻ ശല്യം ചെയ്തിരുന്ന കള്ളൻ പരിസരത്ത് എത്തിയിട്ടുണ്ടെന്നും എല്ലാവരും ലൈറ്റുകൾ ഇട്ട് ജാഗ്രതയോടെ ഇരിക്കണമെന്നും നിർദ്ദേശം വെള്ളൂർ പൊലീസ് കൊടുത്തു. ഇതനുസരിച്ച് വെള്ളൂർ സ്വദേശിയായ ഗോപാലകൃഷണൻ ലൈറ്റുകളിട്ട് ജാഗ്രതയോടെ കാത്തിരുന്നു.. പുലർച്ചെ 4:30 ആയതോടെ ഒന്നു മയങ്ങി പോയി പിന്നാലെ കുറ്റിയിടാതിരുന്ന വാതിലിലൂടെ അകത്തു കടന്ന കള്ളൻ 25,000 രൂപയും കൊണ്ട് കടന്നു.
വീട്ടിലുണ്ടായിരുന്ന മുക്കുപണ്ടങ്ങളും കൈകലാക്കിയിരുന്നെങ്കിലും എല്ലാം കൃത്യമായി തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ചിട്ടുണ്ട്. ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.