ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റല്‍ കോടതി രാജ്യത്ത് ആദ്യമായി കൊല്ലത്ത് തുടങ്ങി. സുപ്രീംകോടതിയുടെ ഇ–കോടതി നയത്തിന്‍റെ ഭാഗമായാണ് കടലാസ് രഹിത ഹൈബ്രിഡ് കോടതിയുടെ പ്രവര്‍ത്തനം.
കൊല്ലം കലക്ടറേറ്റ് കെട്ടിട സമുച്ചയത്തിലെ രണ്ടാം നിലയിലാണ് ഡിജിറ്റല്‍ കോടതി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ചെക്ക് ബൗൺസ് ആയ കേസുകളാണ് കോടതി പരിഗണിക്കുന്നത്. നിശ്ചിത സമയം ഇല്ലാത്തതിനാൽ ഏത് സമയത്തും എവിടെ നിന്നും കേസ് ഫയൽ ചെയ്യാം. വാദിയും പ്രതിയും കോടതിയിൽ ഹാജരാകേണ്ടതില്ല. രേഖകൾ ഓൺലൈൻ മുഖേന അപ്‌ലോഡ് ചെയ്യണം. കൊല്ലത്തെ മൂന്നു മജിസ്ട്രേട്ട് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലും ഫയൽ ചെയ്യേണ്ട ചെക്ക് കേസുകള്‍ ഇനി ഇവിടേക്ക് ഫയല്‍ ചെയ്യാം.
മറ്റ് കോടതികളില്‍ ഏകദേശം 30 ജീവനക്കാരാണ് വേണ്ടതെങ്കില്‍ ഇവിടെ മജിസ്ട്രേറ്റും മൂന്നു ജീവനക്കാരും മാത്രമാണ് ഉള്ളത്. പൊലീസ് സ്റ്റേഷൻ, ട്രഷറി, തപാൽ തുടങ്ങിയവയുമായി കോടതിയെ ബന്ധിപ്പിച്ചിട്ടുണ്ട്. സമൻസ് ഉൾപ്പെടെ ഡിജിറ്റൽ ആണ്. ഇ പേയ്മെന്റ് മുഖേന ഫീസ് അടയ്ക്കണം. കോടതിയുടെ പ്രവർത്തനം അഭിഭാഷകരും പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഡിജിറ്റല്‍ കോടതിയുടെ ഉദ്ഘാടനം നടന്നത്.