നിയുക്ത കര്‍ദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട് മെത്രാപ്പൊലീത്തയായി അഭിഷക്തനായി. ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന ചടങ്ങിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധികാര ചിഹ്നങ്ങളായ അംശവടിയും കിരീടവും കൈമാറി. ഡിസംബർ എട്ടിന് വത്തിക്കാനില്‍ മാര്‍ ജേക്കബിനെ കർദിനാളായി വാഴിക്കും.
വൈദികരുടെയും മെത്രാന്മാരുടെയും പ്രദക്ഷിണം ചങ്ങനാശ്ശേരി വലിയ പള്ളിയിലേക്ക് എത്തിയതോടെ മെത്രാഭിഷേക തിരുകർമ്മങ്ങൾക്ക് തുടക്കമായി. റോമിൽ നിന്നുള്ള നിയമന പത്രിക വായിച്ചതോടെ തിരുശേഷിപ്പ് വണങ്ങി മാർ ജോർജ് ജേക്കബ് കൂവക്കാട് വിശ്വാസപ്രമാണം ഏറ്റുചൊല്ലി
മെത്രാപ്പോലീത്തയുടെ ചുമലിൽ വച്ച ബൈബിൾ സുവിശേഷം വഹിക്കുന്ന വലിയ ഇടയന്റെ സന്ദേശം പകർന്നു. തലയിൽ കൈകൾ വച്ച് പ്രാർത്ഥിച്ച മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അംശവടിയും കിരീടവും കൈമാറി. ചങ്ങനാശ്ശേരി അതിരൂപത മെത്രാൻ മാർ തോമസ് തറയിൽ, വത്തിക്കാനിൽ നിന്നുള്ള ആർച്ച് ബിഷപ്പ് എഡ്ഗർ പേഞ്ഞ പാർറ എന്നിവർ ചടങ്ങിൽ സഹകാർമികരായി.രണ്ടായിരത്തിലധികം വിശ്വാസികൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു.