jijo

വീടിന്‍റെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ് വൃക്ക രോഗിയായ ജിജോ വര്‍ഗീസും കുടുംബവും. കൊച്ചി കാക്കനാട് കരിമുഗള്‍ സ്വദേശി ജിജോ വായ്പ എടുത്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. ചികില്‍സാ ചെലവ് ഭീമമായതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്.  

 

2019ലാണ് യൂണിന്‍ബാങ്ക് എറണാകുളം പള്ളിക്കര ബ്രാഞ്ചില്‍ നിന്ന് ജിജോ വര്‍ഗീസ് 15 ലക്ഷം രൂപ ഭവനവായ്പ എടുക്കുന്നത്. കാര്‍ വര്‍ക്‌ഷോപ്പിലെ മെക്കാനിക്കായിരുന്ന ജിജോ ആദ്യ രണ്ട് വര്‍ഷം മുടക്കമില്ലാതെ വായ്പ തിരിച്ചടച്ചു. പിന്നാലെയാണ് വൃക്ക രോഗം സ്ഥരീകരിക്കുന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ഭാരപ്പെട്ട ജോലി ഒഴിവാക്കി സ്കൂള്‍ ബസ് ഡ്രൈവറായി. 

ഇപ്പോഴുള്ള വരുമാനം മരുന്നിനും വീട്ടു ചിലവിനും പോലും തികയുന്നില്ല. ഇതിനിടെയാണ് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നത്. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഇപ്പോള്‍ കുടുംബം മുന്നോട്ട് നീങ്ങുന്നത്. വീടും സ്ഥലും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് മാസത്തിനകം പണമടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നില്‍ ബാങ്ക് നോട്ടീസ് പതിച്ചു. ജപ്തിയില്‍ നിന്ന് ഒഴിവാകാന്‍ സുമനസുകളുടെ കൂടി സഹായം തേടുകയാണ് ജിജോയും കുടുംബവും. 

ENGLISH SUMMARY:

Jijo Varghese, a kidney patient, and his family are facing the threat of property seizure after defaulting on their home loan repayments. A resident of Karimugal in Kakkanad, Kochi, Jijo was diagnosed with the illness two years after taking the loan. The massive expenses for his treatment led to the inability to repay the loan.