ശബരിമലയില്‍ ഫ്ലൈ ഓവര്‍ ഒഴിവാക്കി തീര്‍ഥാടകര്‍ക്ക് നേരിട്ട് ദര്‍ശനം നല്‍കാന്‍ ആലോചിച്ച് ദേവസ്വം ബോര്‍ഡ്. നിലവിലുള്ള ബെയിലി പാലം അടക്കം നവീകരിച്ച് പുതിയ പാത ഒരുക്കും. മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിച്ച സ്റ്റീല്‍ പാലത്തിനായി ആദ്യഘട്ടം പത്ത് കോടിരൂപ വകയിരുത്തും. 

പതിനെട്ടാം പടി കയറി വരുന്ന തീര്‍ഥാടകരെ ഫ്ലൈഓവറില്‍ കൂടി വരി നിര്‍ത്തി ശ്രീകോവിലിന്‍റെ വടക്കു ഭാഗത്ത് കൂടി കടത്തിവിടുന്നതാണ് നിലവിലെ രീതി. സെക്കന്‍ഡുകള്‍കൊണ്ട് കടന്നു പോകുമ്പോള്‍ പലര്‍ക്കും ദര്‍ശനം കിട്ടുന്നില്ലെന്ന പരാതിക്കാണ് പരിഹാരം തേടുന്നത്. പതിനെട്ടാം പടി കയറി വരുന്നവരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി കയറ്റി ദര്‍ശനം നല്‍കി പരിഹരിക്കാനാണ് ശ്രമം. 

മാളികപ്പുറം, ബെയിലി പാലം, നിര്‍ദിഷ്ട സ്റ്റീല്‍ പാലം വഴി തിരികെ ചന്ദാനന്ദന്‍ റോഡിലേക്ക് പോകാം. വിവിധ വകുപ്പുകളുമായി വിശദമായി കൂടിയാലോചിച്ചെങ്കിലേ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ. ബെയിലി പാലത്തിനായി സര്‍ക്കാര്‍ ഒന്നേകാല്‍കോടി മദ്രാസ് റെഡിമെന്‍റി കൈമാറിയതോടെ പാലം ദേവസ്വം ബോര്‍ഡിന്‍റേതായി. പാലം നവീകരിക്കണം. 

മാസ്റ്റര്‍ പ്ലാനിലെ സ്റ്റീല്‍ പാലത്തിന്‍റെ ചെലവ് കണക്കാക്കുന്നത് 50 കോടിയാണ്. അതിനുള്ള ആദ്യഘട്ടമായി പത്ത് കോടി വകയിരുത്തു. പണ്ട് കഴുതകള്‍ കടന്നു വന്നിരുന്ന വഴിയാണ് പുതിയ പദ്ധതിയില്‌ വരുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഭക്തര്‍ക്ക് ആചാരവഴിയില്‍ സ്വസ്ഥമായി അയ്യപ്പനെ കണ്ടുതൊഴാം.

ENGLISH SUMMARY:

Sabarimala Pilgrimage.