നാട്ടികയിലെ ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ മദ്യപാനം ജീവനെടുത്ത മറ്റൊരു അപകടം നാട്ടികയില്‍ നിന്ന് വെറും നൂറ് കിലോമീറ്റര്‍ അപ്പുറമുള്ള കല്ലടിക്കോട് നടന്നിട്ട് ഒരു മാസം തികയുന്നതെയുള്ളു. പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ വില്ലന്‍ മദ്യമായിരുന്നു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിയിരുന്നു. കാറിന്‍റെ അമിത വേഗതയും അപകടത്തിന് കാരണമായി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്.
Also Read :‘കാലിലൂടെ കയറിയിറങ്ങി ലോറി, റോഡില്‍ നിന്ന് വാരിയെടുത്തു’; ദൃക്സാക്ഷി
പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നു പോലീസ് പറഞ്ഞു. ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരുംവഴിയാണ് രണ്ടുപേർ മരിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കല്ലടിക്കോട് അപകടം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പാണ് അഞ്ച് പേരുടെ ജീവനെടുത്ത നാട്ടികയിലെ അപകടം. വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്നും ഇയാള്‍ മദ്യലഹരിയിലായിരിന്നെന്നുമാണ് പുറത്തുവരുന്ന വിവരം. ക്ലീനര്‍ക്ക് ലോറി ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ല .രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്‌സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാള്‍ വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്‌സ് ലോറി ഓടിച്ചത്. അലക്‌സും മദ്യപിച്ചിരുന്നു. അതേസമയം അലക്‌സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. രണ്ടുപേരെയും വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു, മരിച്ച നാടോടി സംഘത്തില്‍പ്പെട്ടവര്‍ സ്ഥിരമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അപകടമുണ്ടാക്കിയത് മരം കയറ്റിയ വന്ന ലോറിയാണെന്നും ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.
പാലക്കാട് കൊടുവായൂരിൽ മദ്യപൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞ് കയറി റോഡുവക്കില്‍ നിന്ന ദമ്പതികള്‍ മരിച്ചത് ഈ മാസം 22നാണ് . വണ്ടാഴി സ്വദേശി ചാമി, ഭാര്യ ജാനു എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. കൊടുവായൂര്‍ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇരുവരെയും എതിര്‍ദിശയിലൂടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനാണ് പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.