മാറുന്ന കാലത്ത് നൂറ്റാണ്ടുകളായി പിന്തുടർന്നിരുന്ന പരമ്പരാഗത വിവാഹങ്ങളുടെ അടിസ്ഥാനം പോലും തിരുത്തപ്പെടുകയാണ്. ഗ്രൂപ്പ് മാരേജ്, ഫ്രണ്ട്ഷിപ്പ് മാരേജ് തുടങ്ങിയ പുത്തൻ രീതികൾക്കൊപ്പം നമുക്കിടയിൽ കാലങ്ങളായി ഉണ്ടായിട്ടും അധികം പരിചിതമല്ലാത്ത പേരാണ് ലാവണ്ടർ മാരേജ്. ' നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ ഒരു കല്യാണം '. 90കളിൽ ഹോളിവുഡ് ഇൻഡസ്ട്രിയിൽ തുടങ്ങി, സാമൂഹ്യ കുടുംബ ബന്ധങ്ങൾ ശക്തമായ കേരളത്തിലും ഇന്ന് ഇത് പ്രചാരത്തിലാണ്.
2022 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ബദായി ദോ ഈ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഷാർജുൽ എന്ന ഗേ പൊലീസ് ഉദ്യോഗസ്ഥൻ, സുമൻ എന്ന ലെസ്ബിയൻ യുവതിയെ വിവാഹം ചെയ്യുന്നു. വീട്ടുകാരെ ബോധിപ്പിക്കുകയല്ലാതെ, മറ്റൊരു ബന്ധവുമില്ല എന്ന ധാരണയോടെയാണ് വിവാഹം. ഇതാണ് ലാവണ്ടർ മാരേജ്. സ്വവർഗ അനുരാഗികൾക്കപ്പുറം, പൊതുമണ്ഡലത്തിൽ ഉള്ളവർ നാട്ടുകാരെ കാണിക്കാൻ വിവാഹം നടത്തുകയും മറ്റൊരു പങ്കാളിക്കൊപ്പം ജീവിക്കുകയും ചെയ്യാറുണ്ട്. ചതിയല്ല, മൂന്നുപേർക്കും ഇടയിലെ കൃത്യമായ ധാരണയിലൂടെയാണ് ബന്ധം.
ലാണ്ടർ മാരേജ് എന്ന പ്രയോഗം 1895 ൽ ബ്രിട്ടീഷ് മാധ്യമങ്ങളിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്ന് സാമൂഹ്യ തിന്മ ആയ ഹോമോസെക്ഷവാലിറ്റിയുടെ പ്രതീകമായിരുന്നു ലാവണ്ടർ നിറം. ഈ കാലഘട്ടത്തിൽ ഹോളിവുഡിൽ എത്തുന്ന നടി നടന്മാർക്ക് മുന്നിൽ മോറാലിറ്റി ക്ലോസ് എന്ന കരാർ നിർമ്മാണ കമ്പനികൾ വയ്ക്കുമായിരുന്നു. കമ്പനിക്ക് കളങ്കം ഉണ്ടാക്കുന്ന രീതിയിൽ സമൂഹം തിന്മയായി കാണുന്ന സദാചാര വിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടാൻ പാടില്ല എന്ന്. ഇതോടെയാണ് ഹോളിവുഡിൽ ലാവണ്ടർ മാരേജ് പ്രചാരത്തിൽ എത്തിയത്.
ഇതിന് ഉദാഹരണമാണ് നടൻ ചാൾസ് വില്യം ഹെയ്ൻസ്. തൻറെ സ്വവർഗ്ഗ പങ്കാളിയെ മറച്ചുവെച്ച് എംജിഎം സ്റ്റുഡിയോയുടെ നിർദ്ദേശപ്രകാരം ഒരു യുവതിയെ വിവാഹം ചെയ്തിരുന്നു. സ്വീഡിഷ് ഹോളിവുഡ് നടൻ നീൽസ് ആഷർ നിർമ്മാണ കമ്പനിയുടെ നിർബന്ധത്തിനു വഴങ്ങി നടി വിവിയൻ ഡൺങ്കനെ വിവാഹം ചെയ്തു. പിന്നീട് അത് ഉപേക്ഷിച്ച് കെന്നിത്ത് ഡുമെയിൻ എന്ന നടൻ ഒപ്പം ജീവിച്ചു. നടൻ റോക്ക് ഹസ്സൺ തൻറെ സ്വവർഗ്ഗ അഭികാമ്യം ഒരു മാഗസിൻ പ്രചരിപ്പിക്കുമെന്ന ഘട്ടം എത്തിയതോടെ നിർമ്മാണ കമ്പനിയുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതനാവുകയായിരുന്നു. ഈ കാലഘട്ടത്തിൽ നിരവധി നടീനടന്മാരെ ഹോളിവുഡ് ലാവണ്ടർ മാരേജിലേക്ക് തള്ളിവിട്ടു, വഴങ്ങാത്തവരുടെ പണം പിടിച്ചുവച്ചു ശിക്ഷിച്ചു. 1969ൽ സ്വവർഗ്ഗ അവകാശങ്ങൾക്കായി സ്റ്റോൺവെൽ വിപ്ലവം ഉണ്ടാകുന്നതുവരെ. പിന്നീട് അമേരിക്കയിലെ സാമൂഹ്യ ചിന്താഗതി പരിവർത്തനപ്പെടുകയും ലാവണ്ടർ മാരേജുകൾ ഇല്ലാതാവുകയും ചെയ്തു
ഇന്ത്യ പോലെ കുടുംബ ബന്ധങ്ങൾ ശക്തമായ ചൈനയിലും ലാവണ്ടർ വിവാഹങ്ങൾ പ്രചാരത്തിലാണ്. ഷീംങ്.യങ് എന്നാണ് ചൈനീസ് പേര്. വീടുകളിൽ നിന്നും മാറി ദൂരത്ത് താമസിക്കുന്ന യുവതി യുവാക്കൾ ചൈനീസ് പുതുവത്സരത്തിൽ വീടുകളിലേക്ക് മടങ്ങുന്നത് പതിവാണ്. അപ്പോഴാണ് വീട്ടുകാരുടെ വിവാഹത്തിനായുള്ള നിർബന്ധം നേരിടേണ്ടി വരുന്നത്. ഈ കാലഘട്ടത്തിൽ വീടുകളിലേക്ക് പോകുമ്പോൾ നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ ഒരു പങ്കാളിയെ കണ്ടെത്തുന്ന പതിവ് ചൈനയിൽ വ്യാപകമായി. അടുത്തിടെ പൂട്ടപ്പെട്ട ക്വീർസ് എന്ന ആപ്പ് , ഇത്തരത്തിലുള്ള പങ്കാളികളെ കണ്ടെത്താൻ സഹായിച്ചിരുന്നു. സെക്സോളജിസ്റ്റ് ലിയൂ ഡാലിൻ്റെ കണക്ക് പ്രകാരം ചൈനയിൽ 90% പുരുഷ സ്വവർഗ്ഗ അനുരാഗിളും സ്ത്രീകളെ വിവാഹം ചെയുന്നു. ഇന്ത്യയിലേതുപോലെ ശക്തമായ കുടുംബ സാമൂഹ്യ നിബന്ധനകളും, 2016 വരെ വൺ ചൈൽഡ് പോളിസിയും ഇതിന് കാരണമായി.
കേരളത്തിൽ വ്യാപകമായി നാമറിയാതെ നമുക്കിടയിൽ ഇത്തരം വിവാഹങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ഇത് ആരെങ്കിലും കണ്ടെത്തുമോ എന്ന ആശങ്കയിലാണ് ഇവർ ഓരോ ദിവസവും തള്ളിനീക്കുന്നത്. തങ്ങളുടെ ബന്ധങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കാൻ നിർബന്ധിതരാകുന്നു. നിശ്ചിത കാലഘട്ടത്തിനപ്പുറം നിയമപരമായി വേർപ്പെടാത്ത ലാവണ്ടർ വിവാഹങ്ങൾ, പിന്നീട് ബാധ്യതയായി മാറുന്നു. എല്ലാത്തിനും കാരണം, ഒരാളുടെ സത്വത്തെ അംഗീകരിക്കാൻ പരുവപ്പെടാത്ത കുടുംബ ബന്ധങ്ങളും, മറ്റൊരാളുടെ ജീവിതത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന നമ്മുടെ സമൂഹ്യ അന്തരീക്ഷവുമാണ്.