തൃശൂര്‍ നാട്ടിക ദേശീയപാതയില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ച കേസില്‍ ലോറി ജീവനക്കാര്‍ റിമാന്‍ഡിലായിരുന്നു.കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ജോസ്, അലക്സ് എന്നിവരാണ് 14 ദിവസത്തേക്ക് റിമാന്‍ഡിലായത്. Read More : നഷ്ടമായത് നെഞ്ചോട് ചേര്‍ത്തുറക്കിയ പൊന്നുമകനെ; ജീവയും വിശ്വയും ആ നേരത്തെ വാത്സല്യക്കാഴ്‌ച
മദ്യലഹരിയില്‍ വരുത്തിയ ദുരന്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇപ്പോളിതാ അപകടത്തിനു കാരണം മദ്യലഹരിയിൽ താൻ മയങ്ങിപ്പോയതാണെന്നു ലോറി ഓടിച്ച ക്ലീനർ അലക്സിന്റെ കുറ്റസമ്മതം. നിലവിളി കേട്ടപ്പോൾ ലോറി വെട്ടിച്ചുവെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു വണ്ടി സർവീസ് റോഡിലൂടെ ഓടിച്ചുകൊണ്ടുപോയതെന്നും അലക്സ് പൊലീസിനോടു വെളിപ്പെടുത്തി.വണ്ടി ഓടിക്കാൻ തനിക്കറിയാമായിരുന്നെന്നും ലൈസൻസ് എടുക്കാൻ താൽപര്യമില്ലാതിരുന്നതു കൊണ്ട് എടുക്കാതിരുന്നതാണെന്നും ഇയാൾ പറഞ്ഞു. താന്‍ 20 സെക്കൻഡ് കണ്ണടച്ചുപോയി. വണ്ടി എന്തിലൊക്കെയോ തട്ടുന്നുവെന്നു തോന്നിയപ്പോഴാണു വാഹനം വെട്ടിച്ചതെന്നും അലക്സ് പറഞ്ഞു.ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി കയറി മുന്നോട്ടുപോയ ലോറി പിന്നോട്ടെടുത്ത് വന്ന് വീണ്ടും ശരീരത്തിലൂടെ കയറ്റിയതായാണ് അപകടത്തില്‍ പരുക്കേറ്റ രമേഷ് പറയുന്നത്.
അപകടത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. മദ്യലഹരിയിലായതിനാൽ ആദ്യവട്ടം ചോദ്യം ചെയ്തപ്പോൾ അലസമായ മറുപടികളാണ് ഇവരിൽ നിന്നു ലഭിച്ചത്. രാവിലെ ലഹരി ഇറങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണു വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് കണ്ണൂർ ആലക്കോട് നിന്നു തടി ഉരുപ്പടികളുമായി പെരുമ്പാവൂരിലേക്കു പുറപ്പെട്ടതായിരുന്നു തങ്ങളെന്നും മാഹിയിൽ നിന്നു മദ്യം വാങ്ങിയതു മുതൽ തുടർച്ചയായി മദ്യപിച്ചിരുന്നെന്നും ഇവർ സമ്മതിച്ചു. ഭക്ഷണം കാര്യമായി കഴിച്ചില്ലെങ്കിലും മദ്യപിക്കുന്നതു തുടർന്നു. പൊന്നാനിയിലെത്തിയപ്പോൾ ലഹരി മൂത്ത് ഡ്രൈവർ ബെന്നി മയക്കത്തിലായി. ഇതോടെയാണ് അലക്സ് ഡ്രൈവിങ് ഏറ്റെടുത്തത്. ലൈസൻസ് ഇല്ലെങ്കിലും വണ്ടിയോടിക്കാനറിയാമെന്ന ധൈര്യത്തിൽ അലക്സ് 45 കിലോമീറ്ററോളം ലോറി ഓടിച്ചു. നാട്ടികയിലെത്തിയപ്പോൾ 20 സെക്കൻഡ് മയങ്ങിപ്പോയെന്നും റോഡ് വഴിതിരിച്ചു വിടുന്ന ബോർഡ് കാണാതെ നേരെ ഓടിച്ചു കയറ്റുകയായിരുന്നെന്നും ഇയാൾ സമ്മതിച്ചു.