വേദികൾ കീഴടക്കാൻ മകൾക്ക് ഊർജമാകാൻ ചേർത്തല മുട്ടത്തിപ്പറമ്പ് കാച്ചുകാട്ട് കെ.എൻ.സന്തോഷ് കുമാറിന് (50) ജീവിതത്തിലേക്ക് തിരകെ വന്നേ മതിയാകൂ. സന്തോഷ് കുമാർ ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസ്സുകൾ കനിയണം. കഴിഞ്ഞ വർഷം കേരള സർവകലാശാലയിലെയും ഇക്കൊല്ലം എംജി സർവകലാശാലയിലെയും കലാതിലകമായ എറണാകുളം സെന്റ് തെരേസാസ് കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ കെ.എസ്.സേതു ലക്ഷ്മിയുടെ അച്ഛനാണ് സന്തോഷ് കുമാർ. തലയോട്ടിയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്.
സെപ്റ്റംബർ 16നാണ് കൃഷി വകുപ്പ് മെക്കാനിക് ആയ സന്തോഷ് കുമാറിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 21ന് മസ്തിഷ്ഘാകാതത്തിന്റെ രൂപത്തിൽ വിധി വീണ്ടും സന്തോഷ് കുമാറിനെ തളർത്തി. തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലച്ചോറിൽ രക്തസമ്മർദം കൂടിയതിനെ തുടർന്നു തലയോട്ടിയുടെ ഒരു ഭാഗം മാറ്റി വയ്ക്കാൻ ഡോക്ടർ നിർദേശിച്ചു. നിലവിൽ തലയോട്ടിയുടെ ഇടതു ഭാഗം മാറ്റി വച്ച നിലയിലാണ്. നാളെ മാറ്റി വച്ച തലയോട്ടിയുടെ ഭാഗം തിരികെ വയ്ക്കുന്ന ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാത്രമല്ല, ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന പ്രവണതയുമുണ്ട്. ഇതുവരെ ചികിത്സയ്ക്കായി 15 ലക്ഷം രൂപയോളം ചെലവായി. ഇന്നലെ വരെയുള്ള ചികിത്സയുടെ 12 ലക്ഷം രൂപയോളം ആശുപത്രിയിൽ അടയ്ക്കാനുണ്ട്. നാളെ നടക്കുന്ന ശസ്ത്രക്രിയയ്ക്ക് 3.5 ലക്ഷം രൂപയാകും.
ശമ്പളം ലഭിക്കുന്ന തുകയിൽ ഏറിയ പങ്കും മകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ചെലവഴിച്ചതിനാൽ സ്വന്തമായി ഒരു വീട് പോലും ഉണ്ടാക്കാൻ സന്തോഷ് കുമാറിന് കഴിഞ്ഞില്ല. വീട്ടമ്മയായ രശ്മി എസ്.കുമാറാണ് ഭാര്യ. മകൻ ഗോകുൽ കൃഷ്ണ പ്ലസ്ടു വിദ്യാർഥിയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ മണ്ണഞ്ചേരി ബ്രാഞ്ചിൽ രശ്മിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 0001053000060064. IFSC:SIBL0000902. ഗൂഗിൾ പേ നമ്പർ: 9497617303.