കനത്ത മഴയേത്തുടര്‍ന്ന് തൃശൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലെയും അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ഇതിന് പിന്നാലെ മറ്റ് കളക്ടര്‍മാരുടെ പേജിലാകെ ചോദ്യങ്ങളുടെ പെരുമഴയാണ്.  നാളെ അവധിയുണ്ടോ കളക്ടറെ, നല്ല മഴയും തണുപ്പുമാണ്, അവധി തരില്ലെ , എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍.  Read More : എല്ലാവരും ഉറക്കമായോ...അവധിയുണ്ടെന്ന് കളക്ടര്‍; ‘കളക്ടർ ഉയിർ’ എന്ന് കമന്‍റ് പൂരം

അഞ്ച് വടക്കന്‍ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അറിയിപ്പാണ്. കൊല്ലത്തും തിരുവനന്തപുരത്തും മഴ മുന്നറിയിപ്പില്ല.ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

ENGLISH SUMMARY:

heavy rain collector announced leave for educational institutions thrissur and kasaragod on tuesday