ഇന്ന് രാജ്യാന്തര ഭിന്നശേഷി ദിനമാണ്. ശാരീരിക പരിമിതികളെ അതിജീവിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണ് തൃശൂർ പടിയൂര് സ്വദേശി കെ.ജി.ബാബു. 33 വർഷം മുൻപ് കിണറ്റിൽ വീണ് കാലുതളർന്ന ബാബു പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടു പോയത് എങ്ങനെയാണ്? കിണറു പണിക്കാരനായിരുന്ന ബാബു എങ്ങനെയാണ് ലോട്ടറി വിൽപനക്കാരനായത് ആ കഥ ബാബു തന്നെ പറയും.
33 വർഷം മുൻപ് കിണറുപണി കഴിഞ്ഞ് തിരികെ കയറുമ്പോൾ കയർ പൊട്ടി താഴെ വീണ ബാബുവിന്റെ കാലുകള്‍ തളർന്നു പോയി. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ദിനങ്ങൾ. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം. മുന്നോട്ടു ജീവിക്കാനുള്ള പരിശ്രമങ്ങൾ. തളർന്ന കാലുകൾ പതിയെ കുത്തി നടക്കാൻ ശ്രമിച്ചു. അധികദൂരം പോകാന്‍ പറ്റില്ലെങ്കിലും കുറച്ചൊക്കെ നടക്കും.
എട്ടുവർഷം തിയറ്റർ ഓപ്പറേറ്ററായിരുന്ന ബാബുവിന് സാറ്റലൈറ്റ് സ്ക്രീനിങ് വന്നതോടെ ജോലി നഷ്ടമായി. അപ്പോഴാണ് ഭാഗ്യക്കുറിയുടെ മാർഗ്ഗം തേടിയത്. വെയിലും മഴയും ഒന്നും പ്രശ്നമല്ല. സ്കൂട്ടിയിലിരുന്ന് മറ്റുള്ളവർക്കു മുന്നിലേക്ക് ഭാഗ്യം നീട്ടുകയാണ് ബാബു. തളർന്ന കാലിലും തളരാത്ത മനസ്സുമായി.