ചേട്ടാ ഒരു ചായ..; ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ കയ്‌പ്പുറ്റ ഓർമ്മകളുടെ ആ ഹോട്ടല്‍ ഷട്ടര്‍ നൗഫല്‍ ഉയര്‍ത്തിയത് പുതിയ ഒരു ജീവിതം മുന്നില്‍ കണ്ടാണ്. നീട്ടിയടിച്ച ചായയുടെ കടുപ്പം പോലെ തന്നെയുണ്ടായിരുന്നു നീറുന്ന ആ മനസിന്‍റെ കടുപ്പവും, നൗഫലിന്‍റെ സ്നേഹത്തിന്‍റെ മാധുര്യത്തില്‍ ആ ചായ കുടിക്കാനെത്തിയവരെല്ലാം ഒരു മലവെള്ളപ്പാച്ചിലില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരായിരുന്നു.
മേപ്പാടി ടൗണിൽ നൗഫൽ തുറന്ന കടയുടെ പേര് ‘ജൂലായ് 30’. പ്രകൃതി താണ്ഡവമാടിയ ജൂലായ് 30ലെ ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിനോട് തോല്‍ക്കാന്‍ എനിക്ക് മനസില്ലാ എന്ന് നെഞ്ചുപൊട്ടി വിളിച്ചു പറഞ്ഞ ഒരു സാധരണക്കാരന്‍റെ അതിജീവനമാണ് ആ കട, ഒന്നും രണ്ടും അല്ലാ, ജീവന്‍റെ ജീവനായ ഭാര്യയും മക്കളും ഉമ്മയും ഉപ്പയും അടക്കം വീട്ടിലെ 11 പേരെയാണ് ഉരുള്‍ കവര്‍ന്നത്.
‘ഞാന്‍ അല്ലാതെ വേറെ ആരും എന്‍റെ വീട്ടുകാരുടെ കുഴിമാടത്തിന്‍റെ മുന്നില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ ഇല്ലാ, എന്‍റെ അയല്‍വാസികള്‍ ഒന്നും ജീവനോടെയില്ലാ, എനിക്ക് ആകെയുള്ളത് കൂടെപിറപ്പുകളുടെ ഓര്‍മ മാത്രമാണ്’ അടുപ്പത്തിരുന്ന് തിളക്കുന്ന ചായയുടെ കടുപ്പം ലേശം കുറഞ്ഞപ്പോള്‍ നൗഫല്‍ പറഞ്ഞ് അവസാനിപ്പിച്ചു,
‘ഗൾഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോൾ എത്രയും പെട്ടെന്ന് നിർത്തിപ്പോരണമെന്നേ ഭാര്യ സജ്നയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ... ഇവിടെ ബേക്കറി തുടങ്ങാം, ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു പറയാറ്. ഇപ്പോ ബേക്കറിയായപ്പോൾ’ പലപ്പോഴായി മുറിഞ്ഞ നൗഫലിന്റെ വാക്കുകള്‍, ‘ജൂലായ് 30’ല്‍ വരുന്നവരുടെ എല്ലാം കണ്ണില്‍ കാണാം ആ നാടിന്‍റെ നൊമ്പരം, കൂടെപ്പിറപ്പുകളെ നഷ്ടപ്പെട്ട ആ നാടിന്‍റെ വേദന
ഉരുൾപൊട്ടൽ ദുരന്തം നടക്കുമ്പോൾ നൗഫൽ വിദേശത്ത് ജോലി സ്ഥലത്തായിരുന്നു. ബന്ധുവിന്റെ ഫോൺവിളിയെത്തിയപ്പോഴാണു ദുരന്തത്തെ കുറിച്ച് അറിയുന്നത്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണു നൗഫലിന് വീടിരുന്ന സ്ഥലത്തെത്താനായത്. പിതാവ് കുഞ്ഞുമൊയ്‌തീൻ, മാതാവ് ആയിഷ, ഭാര്യ സജന, മക്കളായ നഹ്‌ല നസ്‌റിൻ, നിഹാൽ, ഇഷാ മെഹ്‌റിൻ, നൗഫലിന്റെ സഹോദരൻ മൻസൂർ, ഭാര്യ മുഹ്‌സിന, മക്കൾ ഷഹല ഷെറിൻ, സഫ്‌ന ഷെറിൻ, ആയിഷ അമാന എന്നിവരെയാണു ഒഴുകിയെത്തിയ മലവെള്ള പാച്ചില്‍ കവര്‍ന്നത്,