ഇന്ത്യയിലെ കത്തോലിക്കസഭയ്ക്ക് അഭിമാനമായാണ് മലയാളിയായ ആര്‍ച്ച് ബിഷപ് ജോർജ് ജേക്കബ് കൂവക്കാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ തിരുസംഘത്തിലേക്ക് ഇന്ന് ആനയിക്കുന്നത്. വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് മാര്‍ ജോര്‍ജ് കൂവക്കാട്. ഫ്രാന്‍സിസ് മാര്‍പ്പയ്ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് മാര്‍ ജോര്‍ജ് കൂവക്കാടിന് കത്തോലിക്കാസഭയിലെ ഈ അത്യുന്നത പദവി.
ആര്‍ച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാട്, കേരളത്തിലല്ല കര്‍മമണ്ഡലമെങ്കിലും മലയാളികള്‍ക്കും ഇത് അഭിമാനനിമിഷം. സിറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപതാംഗവും മാർപാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ അന്‍പത്തൊന്നുകാരന്‍ ജോർജ് ജേക്കബ് കൂവക്കാടിനെ കർദിനാൾ സ്ഥാനത്തേക്കു ഉയർത്താനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.
ജീവിതത്തിലും ഒട്ടേറെ അപ്രതീക്ഷിത സാഹചര്യങ്ങളിലൂടെയായിരുന്നു നിയുക്ത കര്‍ദിനാളിന്‍റെ യാത്ര. ചങ്ങനാശേരി മാമ്മൂട് ലൂർദ്‌മാതാ ഇടവകാംഗമായി ജേക്കബ്– ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളായി 1973 ഓഗസ്റ്റ് 11നായിരുന്നു മാര്‍ ജോർജ് കൂവക്കാടിന്റെ ജനനം. എസ്ബി കോളജിൽ കെമിസ്ട്രി ബിരുദം പൂർത്തിയാക്കിയ ശേഷം 1995ൽ കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു.
എസ്ബിയിലെ പഠനകാലത്ത് കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിലായി വൈദികപഠനം. ബിരുദം ഉണ്ടായിരുന്നതിനാൽ എട്ടരവർഷം കൊണ്ട് അജപാലന ദൗത്യത്തിന്റെ ആദ്യപടിയായി 2004 ജൂലൈ 24നു മാർ ജോസഫ് പൗവത്തിലിന്റെ കൈവയ്പിലൂടെ പുരോഹിതനായി. തിയോളജി പഠനത്തിനായി മാർ പൗവത്തിൽ നേരിട്ട് റോമിലേക്ക് അയച്ച ആദ്യ വിദ്യാർഥിയായിരുന്നു മാര്‍ ജോർജ് കൂവക്കാട്. ഇതിനിടെ പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും സേവനം. 2006 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന മാര്‍ ജോർജ് കൂവക്കാടിന് 2020ൽ പ്രെലേറ്റ് പദവി നൽകി.
മലയാളത്തിനു പുറമേ സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ് ഭാഷകളും നിയുക്ത കര്‍ദിനാളിന് വഴങ്ങും. വത്തിക്കാൻ നയതന്ത്ര സർവീസിൽ ചേര്‍ന്നശേഷം അൽജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാൻ, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ അപ്പോസ്തലിക് നുൺഷ്യോയുടെ സെക്രട്ടറിയായിരുന്നു. മാർപാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റായി പ്രവര്‍ത്തനം തുടരുമ്പോഴാണ് പൗരോഹിത്യത്തിന്റെ 20–ാം വർഷം കർദിനാൾ പദവിയിലേക്ക് അപ്രതീക്ഷിത നിയോഗം.