ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി ആറ് വയസ്സുകാരി കൊല്ലപ്പെട്ട കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടിട്ട് ഇന്ന് ഒരു വർഷം. ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടും സർക്കാർ പ്രോസിക്യുട്ടറെ നിയമിക്കാത്തതിനാൽ വാദം വൈകുന്നു. തങ്ങൾ ആവശ്യപ്പെടുന്ന പ്രോസിക്യുട്ടറെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായെന്ന് പെൺകുട്ടിയുടെ കുടുംബം.
ഓര്‍ക്കുമ്പോഴോക്കെയും മലയാളികളുടെ നെഞ്ചുകുത്തിക്കീറുന്ന വേദനയാണ് വണ്ടിപ്പെരിയാറിലെ ആറ് വയസുകാരി. 2021 ജൂണ്‍ 30 നാണ് ക്രൂര പീഡനത്തിനിരയായ ആറ് വയസുകാരിയെ കെട്ടിത്തൂക്കിയ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിയായ അയല്‍വാസി അര്‍ജുനെ കട്ടപ്പന വിചരണക്കോടതി വെറുതെ വിട്ടത് ഞെട്ടലോടെയാണ് കേരളം കേട്ടത്. കൃത്യം ചെയ്തത് അര്‍ജുനാണെന്ന് തെളിയിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നായിരുന്നു കണ്ടെത്തല്‍. അര്‍ജുനെ കുറ്റവിമുക്തനാക്കിയുള്ള വിധിയില്‍ പൊലീസ് വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തി.
Also Read; പെരുകുന്ന ആദിവാസി ആത്മഹത്യ; അനങ്ങാതെ പട്ടിക വര്‍ഗവകുപ്പ്
പൊലീസ് വീഴ്ചക്കെതിരെ വണ്ടിപ്പെരിയാറില്‍ സമരപരമ്പരകള്‍ അരങ്ങേറി. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ടി ഡി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വിധിക്കെതിരെയുള്ള അപ്പീലില്‍ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാല്‍ വിധി പറഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ആ വാക്ക് പാലിച്ചിട്ടില്ല. വിധിയോട് പൊരുത്തപ്പെടാനാകില്ലെന്നാണ് കുടുംബം പറയുന്നത്
അന്വേഷണത്തിലുണ്ടായ വീഴ്ച ഹൈക്കോടതിയിലെങ്കിലും തെളിയിക്കാനാണ് ശ്രമം. എന്നാല്‍ വാദം വൈകിയാല്‍ പറക്കമുറ്റും മുന്നേ പിച്ചി ചീന്തിയ തങ്ങളുടെ പൊന്നോമനയ്ക്ക് നീതി ലഭിക്കില്ലെന്നാണ് കുടുംബത്തിന്റെ വിലാപം.