നെഞ്ചു തകര്‍ക്കുന്ന സങ്കട വാര്‍ത്ത കേട്ടാണ് മല്ലശ്ശേരിക്കാര്‍ ഉറക്കമെഴുന്നേറ്റത്. നാട്ടുകാരുടെ കൂടി പ്രിയപ്പെട്ടവനായ ബിജു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍, അതും വീട്ടിലേക്കെത്താന്‍ ഏഴുകിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ മരിച്ചുവെന്നായിരുന്നു ദുഃഖവാര്‍ത്ത. തലേന്ന് വരെ പള്ളിയിലെ ക്രിസ്മസ് ആഘോഷത്തില്‍ സജീവമായി പങ്കെടുത്തിരുന്ന ബിജു ഇനിയില്ലെന്ന് ഇടവകാംഗങ്ങള്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.
കഴിഞ്ഞ ദിവസം കാരള്‍ സംഘത്തിനൊപ്പം പോയി മടങ്ങുമ്പോള്‍, 'ഇനി രണ്ട് ദിവസത്തേക്കില്ലെന്നും നാളെ മക്കളെ വിളിക്കാന്‍ തിരുവനന്തപുരത്ത് പോകണ'മെന്നുമാണ് ബിജു ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. വലിയ സ്നേഹമായിരുന്നു മകള്‍ അനുവിനോട്. മധുവിധു കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന പപ്പയുടെ പൊന്നുമോളെയും മകനെയും കൂട്ടാനായി സ്വന്തം കാറിലാണ് നിഖിലിന്‍റെ പിതാവുമൊത്ത് ബിജുപോയത്. വീടെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബിജു അറിയാതെ ഉറങ്ങിപ്പോയി. കാര്‍ എതിരേ വന്ന ബസിലേക്ക് പാഞ്ഞുകയറി. അനുവൊഴികെ മൂവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.
മകളുടെയും നിഖിലിന്‍റെയും സൗഹൃദം പ്രണയത്തിലേക്കെത്തിയപ്പോള്‍ ബിജു തന്നെയാണ് മുന്‍കൈയെടുത്ത് വിവാഹം നടത്തിയത്. ഇരുവീട്ടുകാരും സഹകരിച്ച് നാട്ടുകാരെയെല്ലാം ക്ഷണിച്ച് നടത്തിയ വിവാഹമായിരുന്നു. ഒരേ ഇടവകാംഗങ്ങള്‍, ദീര്‍ഘകാലമായുള്ള കുടുംബ സുഹൃത്തുക്കള്‍. ആ വിവാഹം നാട്ടുകാരും ആഘോഷിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഇത്തരമൊരു വാര്‍ത്തയാകും കാത്തിരിക്കുകയെന്ന് ആരും കരുതിയില്ല. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തില്‍ പകച്ച് നില്‍ക്കുകയാണ് വീട്ടുകാരും നാട്ടുകാരും.