എംബിബിഎസ് പഠനത്തിനായി ചൈനയിലേക്ക് പോയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി നിജിക്ക് സാമ്പത്തിക പ്രതിസന്ധികാരണം നാട്ടിലേക്ക് തിരിച്ചു വരാനാകുന്നില്ല. കോവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചതോടെയാണ് വിദ്യാഭ്യാസം പ്രതിസന്ധിയിലായത്. എത്രയും വേഗം പണം അടച്ചില്ലെങ്കില്‍ ബിരുദ സർട്ടിഫിക്കറ്റ് പോലും നിജിക്ക് ലഭിക്കാതെയാകും.
‘കൂടെ പഠിച്ചവരെല്ലാം നാട്ടില്‍ പോയി. ഞാന്‍ മാത്രമാണ് ഇവിടുള്ളത്. ഹോസ്റ്റലിലുള്ളതെല്ലാം പുതിയ ബാച്ചിലെ കുട്ടികളാണ്.എത്രകാലം ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ കഴിയും എന്നറിയില്ല’. ഹോസ്റ്റലില്‍ ഒറ്റപ്പെട്ടുപോയ നിജി അമ്മയ്ക്ക് അയച്ച സന്ദേശങ്ങളാണിത്. ഇത് വായിക്കുമ്പോള്‍ അമ്മയ്ക്കും അമ്മമ്മയ്ക്കും ഉള്ളില്‍ തീയാളും. പഠനം പൂര്‍ത്തിയായി. പക്ഷെ ഫീസ് അടയ്ക്കാത്തത് കാരണം സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന നിജിയുടെ ആഗ്രഹങ്ങള്‍ക്കെല്ലാം കൂട്ട് അച്ഛനായിരുന്നു. എംബിബിഎസ് എടുക്കാന്‍ ചൈനയിലേക്ക് പോകണമെന്ന് പറഞ്ഞപ്പോഴും മറുത്തൊന്നും പറഞ്ഞില്ല. പക്ഷേ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് സൗദിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ വത്സരാജിന്‍റെ ജീവനെടുത്തു. ഇതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.
പിഴത്തുകയെല്ലാം ചേര്‍ച്ച് 25 ലക്ഷം രൂപ വേണം. അന്യനാട്ടില്‍ ഒറ്റയ്ക്ക് ആയ മകളെ ഓര്‍ത്തുള്ള ആധിയാണ് അമ്മയുടെ മനസു നിറയെ. എങ്ങനെ തരണം ചെയ്യുമെന്നറിയില്ല. നാട്ടുകാര്‍ ചേര്‍ന്ന് ഒരു സഹായനിധി ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ മാത്രമാണിപ്പോള്‍ പ്രതീക്ഷ.