രോഗങ്ങൾ തകർത്ത കുടുംബത്തിനു മേൽ ചികിത്സയ്ക്കായി എടുത്ത വായ്പയുടെ ജപ്തി ഭീഷണി. പത്തനംതിട്ട ഏനാത്ത് സ്വദേശി ദാമോദരനും കുടുംബവുമാണ് ജപ്തി ഭീഷണിയിൽ കഴിയുന്നത്. ദാമോദരന്‍റെ രണ്ടു മക്കളിൽ മൂത്തയാൾ കിടപ്പുരോഗിയും ഇളയ ആൾ ഹൃദ്രോഗിയുമാണ്.
ദാമോദരന്‍റെ മൂത്തമകൻ ഷിജു 10 വർഷത്തിലധികമായി കിടപ്പുരോഗിയാണ്. വയറിങ് ജോലിക്കിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണു ഗുരുതരമായി പരുക്കേറ്റ് ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ടതാണ്. 73 വയസ്സുള്ള ദാമോദരനാണ് മകനെ പരിചരിക്കുന്നത്. ഇളയ മകൻ ഷിബുവിന് ഹൃദയ സംബന്ധമായ രോഗത്തിന് നാല് തവണയും നാഡീ സംബന്ധമായ രോഗത്തിന് അഞ്ച് തവണയും ശസ്ത്രക്രിയകൾ നടത്തി. മക്കളുടെ ചികിത്സയ്ക്കായാണ് ദാമോദരന്‍റെ ഭാര്യ ഭാരതി 2017 ൽ വീടും സ്‌ഥലവും പണയപ്പെടുത്തി കേരള ബാങ്ക് ഏനാത്ത് ശാഖയിൽ നിന്ന് 3 ലക്ഷം രൂപ വായ്‌പ എടുത്തത്. ഇതാണ് ജപ്തി ഭീഷണിയിൽ എത്തിയത്. ബാങ്ക് 1.22 ലക്ഷം ഇളവ് നൽകിയെങ്കിലും ഇനിയും മൂന്നര ലക്ഷത്തിലധികം രൂപ അടയ്ക്കാൻ ഉണ്ട്.
ദാമോദരനും ഭാര്യ ഭാരതിക്കും പല രോഗങ്ങളുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം എല്ലാവരുടെയും ചികിത്സ മുടങ്ങിയിരിക്കുകയാണ്. ഒരു സാമൂഹിക പ്രവർത്തകൻ നിർമ്മിച്ചു നൽകിയ വീട്ടിലാണ് താമസം. ഈ വീട് നഷ്ടപ്പെട്ടാൽ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് ദാമോദരനും കുടുംബവും.