കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടി നാട്ടുകാര്‍. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചകൾക്കൊടുവിൽ പുലർച്ചെ രണ്ടു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ കലക്ടർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ, എൽദോസിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സോളാർ ഫെൻസിങ് ജോലികൾ 21ന് ആരംഭിക്കും.
എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്, രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽനിന്നു കേവലം ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്, ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ടതും നാട്ടുകാരെ അറിയിച്ചതും. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. എൽദോസിനെ അടുത്തുള്ള മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശമെല്ലാം സന്ധ്യയായാൽ ഇരുട്ടാണ്. ആന വഴിയിൽ പതുങ്ങി നിന്നാലും അറിയില്ല. ആനയുടെ സാമീപ്യം അറിയാതെ ചെന്ന എൽദോസിനെ ആന ആക്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയെ കൂടാതെ പന്നിയും കുരങ്ങുമെല്ലാം കാർഷികവിളകൾ പാടെ നശിപ്പിക്കും. ഈ പഞ്ചായത്തുകളിലെ റോഡുകളിലെല്ലാം കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്നു. രാത്രി വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.