തന്‍റെ വിദ്യാർഥിയായിരുന്ന അമൃത ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് മാധ്യമപ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ മുൻ ഡയറക്ടറുമായ രാധാകൃഷ്ണൻ. അമൃത തനിക്ക് ശ്രദ്ധേയയാകുന്നത് ഭര്‍ത്താവിന്‍റെ സ്ഥാനമാനങ്ങളിലൂടെയോ പാർട്ടിയിലെ പ്രാമുഖ്യം കൊണ്ടോ അല്ല. തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ വിദ്യാർഥിയായിരുന്ന കാലം മുതൽ അറിയാവുന്നതുകൊണ്ടാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് രണ്ടു കാലും ഒടിഞ്ഞ് പരീക്ഷയെഴുതാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ സഹപാഠികൾ എടുത്തുകൊണ്ടുവന്നാണ് അമൃതയെ പരീക്ഷയെഴുതിച്ചത്. ശേഷം കാര്യവട്ടത്ത് നിയമത്തിൽ ഉന്നതപഠനം തിരഞ്ഞെടുത്തു. എൽഎൽഎം കഴിഞ്ഞപ്പോൾ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഗവേഷണം. അതിനിടെ ഡിവൈഎ്ഐ നേതാവ് എ.എ. റഹിമുമായി വിവാഹം, കുട്ടികൾ. പക്ഷേ ഈ തിരക്കുകളൊന്നും അമൃതയുടെ അക്കാദമിക് ജീവിതത്തെ ബാധിച്ചില്ല.
എന്നാൽ, അമൃത തകർന്നത് മെനിഞ്ജൈറ്റിസ് ബാധയിലൂടെയായിരുന്നു. ഒരു ദിവസം ഞാൻ വിളിക്കുമ്പോൾ വല്ലാത്ത അവസ്ഥയിലായിരുന്നു. മാസങ്ങളോളം ചികിത്സയിലായിരുന്നു. തലയിലും മുഖത്തുമായി നടത്തിയ ശസ്ത്രക്രിയയിൽനിന്ന് ഇതുവരെ മുക്തയായിട്ടില്ല. എന്നിട്ടും നാലു വർഷം കൊണ്ട് ഗവേഷണം പൂർത്തിയാക്കി. ഇപ്പോൾ പിഎച്ച് ഡിയും ലഭിച്ചു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ട്. അതിനിടെ രാഷ്ട്രീയമായ പരസ്യ വിമർശനങ്ങൾ. അമൃത ആരെന്നും എന്തെന്നും അറിയാത്തതുകൊണടാകണം ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ . ഈ എഴുത്തിനെതിരെയും വിമർശനങ്ങളുണ്ടാകാം. ആയിക്കോട്ടെ. അതു കണക്കാക്കി തന്നെയാണ് ഈ കുറിപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഒരു വിദ്യാർഥിയെക്കുറിച്ച് ഇത്രയൊക്കെ എഴുതാമോ എന്നു ചോദിച്ചാൽ എന്റെ മറുപടി എന്തുകൊണ്ട് എഴുതിക്കൂടാ എന്നുതന്നെ. കാരണം അധ്യാപകർ വളരുന്നത് വിദ്യാർഥികളിലൂടെയാണ്. വിദ്യാർഥികൾ പ്രതിസന്ധികളിലൂടെ വളരുമ്പോൾ കൂടെ നിൽക്കേണ്ടത് അധ്യാപകരുടെ കടമയാണ്. ഇത് അമൃതയെക്കുറിച്ചാണ്. അമൃതയെക്കുറിച്ചു മാത്രം. അവൾ എനിക്ക് ശ്രദ്ധേയയാകുന്നത് ഭർത്താവിന്റെ സ്ഥാനമാനങ്ങളിലൂടെയോ പാർട്ടിയിലെ പ്രാമുഖ്യം കൊണ്ടോ അല്ല. തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ വിദ്യാർഥിയായിരുന്ന കാലം മുതൽ അറിയാവുന്നതുകൊണ്ടാണ്.
വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് രണ്ടു കാലും ഒടിഞ്ഞ് പരീക്ഷയെഴുതാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ സഹപാഠികൾ എടുത്തുകൊണ്ടുവന്നാണ് പരീക്ഷയെഴുതിച്ചത്. ക്യാമ്പസ് റിക്രൂട്ട്മെൻറിൽ താനുൾപ്പെടെ 11 പേർ ഒരു ചാനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അമൃത പോകാൻ മടിച്ചു. പകരം കാര്യവട്ടത്ത് നിയമത്തിൽ ഉന്നതപഠനമാണ് തിരഞ്ഞെടുത്തത്.
അങ്ങനെ പഠിക്കുമ്പോഴും അമൃതയുടെ താല്പര്യം അധ്യാപനമായിരുന്നു. പ്രസ് ക്ലബിലും അസാപ്പിലുമൊക്കെ കുറെക്കാലം പഠിപ്പിച്ചു. മാധ്യമപ്രവർത്തനത്തോടുള്ള ഇഷ്ടം കൈവിടാതിരുന്നപ്പോൾ ദൂരദർശനിൽ കെ.ആർ ബീനയ്ക്ക് പരിചയപ്പെടുത്തി. അമൃത നല്ല അവതാരകയാണെന്നു ബീന പറഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി. ഇന്നും അത് തുടരുന്നുണ്ട്. അസാപ്പിൽ മീഡിയ ചുമതല വഹിച്ചിരുന്ന ടി. ശശിമോഹനും മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
എൽഎൽ. എം കഴിഞ്ഞപ്പോൾ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഗവേഷണം. അതിനിടെ എ.എ. റഹിമുമായി വിവാഹം, കുട്ടികൾ. പക്ഷേ ഈ തിരക്കുകളൊന്നും അക്കാദമിക് ജീവിതത്തെ ബാധിച്ചില്ല. പക്ഷേ അമൃത തകർന്നത് മെനിഞ്ജൈറ്റിസ് ബാധയിലൂടെയായിരുന്നു. ഒരു ദിവസം ഞാൻ വിളിക്കുമ്പോൾ വല്ലാത്ത അവസ്ഥയിലായിരുന്നു. മാസങ്ങളോളം ചികിത്സയിലായിരുന്നു. തലയിലും മുഖത്തുമായി നടത്തിയ ശസ്ത്രക്രിയയിൽനിന്ന് ഇതുവരെ മുക്തയായിട്ടില്ല.
എന്നിട്ടും നാലു വർഷം കൊണ്ട് ഗവേഷണം പൂർത്തിയാക്കി. ഇപ്പോൾ പിഎച്ച് ഡിയും ലഭിച്ചു. അധ്യാപനത്തോടുള്ള ആഭിമുഖ്യം കൈവിട്ടിട്ടില്ല. പകലും രാത്രിയും മാറിമാറി ഡൽഹിയിലെ രണ്ട് സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നു. പിന്നെ പുസ്തക രചന. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ട്. . അതിനിടെ രാഷ്ട്രീയമായ പരസ്യ വിമർശനങ്ങൾ. അമൃത ആരെന്നും എന്തെന്നും അറിയാതെ ആയിരിക്കണം അതൊക്കെ എന്നു തോന്നുന്നു. ഈ എഴുത്തിനെതിരെയും വിമർശനങ്ങളുണ്ടാകാം. ആയിക്കോട്ടെ.
അതു കണക്കാക്കി തന്നെയാണ് ഈ കുറിപ്പ്.
അതൊക്കെ ഇനിയും തുടരും. തുടരട്ടെ.
അമൃതയും അങ്ങനെ തുടരട്ടെ. കൂടെയുണ്ടാകും.
അഭിനന്ദനങ്ങൾ.
അഭിമാനവുമുണ്ട്.