ട്രാഫിക് ബോധവൽക്കരണവുമായി കുട്ടി സാന്താക്ലോസുകൾ. പത്തനംതിട്ട കൈപ്പട്ടൂരിലെ ഹയർസെക്കണ്ടറി സ്കൂളിലെ മുന്നൂറിലധികം വിദ്യാർത്ഥികളാണ് സാന്താക്ലോസിന്റെ വേഷത്തിൽ ബോധവൽക്കരണത്തിന് ഇറങ്ങിയത്. 

കൈപ്പട്ടൂർ സെന്‍റ് ഗ്രിഗോറിയോസ് സീനിയർ സെക്കണ്ടറി സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷമാണ് പതിവ് രീതി വിട്ട് റോഡ് സുരക്ഷ ബോധവൽക്കരണവും കൂടിയാക്കിയത്.  കയ്യിൽ കരുതിയിരുന്നത് മധുരപലഹാരങ്ങളും സമ്മാനങ്ങളും മാത്രമായിരുന്നില്ല. അപകടരഹിതമായ റോഡിലൂടെ സുരക്ഷിതമായ യാത്ര എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും ലഘുലേഖകളും ക്രിസ്‌മസ് പാപ്പമാരുടെ കരങ്ങളിൽ ഉയർന്നു. പാതകളിലെ വാഹനങ്ങളുടെ പരക്കംപാച്ചിലും അശ്രദ്ധയും സൃഷ്ടിക്കുന്ന ആഘാതത്തെ കുറിച്ച് ലളിതമായ വാക്കുകളിൽ ഡ്രൈവർമാർക്ക് സാന്താക്ലോസുമാർ അവബോധം നൽകി.

മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ ആയിരുന്നു പരിപാടി. അമിത വേഗതയിലും മദ്യപിച്ചും വാഹനം ഓടിക്കരുത്, അശ്രദ്ധയും അനാവശ്യ ഓവർടേക്കിങും ഒഴിവാക്കുക. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ നിർബന്ധമായും ധരിക്കുക എന്നീ നിർദേശങ്ങളും ക്രിസ്‌മസ് ആശംസകൾക്കൊപ്പം കൈമാറി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ENGLISH SUMMARY:

Child santa clauses with traffic awareness