പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുപടി മുമ്പേ ഒരുങ്ങിക്കഴിഞ്ഞു കോഴിക്കോട് നഗരം. വര്‍ണപ്രഭയില്‍ നിറഞ്ഞുനില്‍ക്കുന്ന മാനാഞ്ചിറ മൈതാനം കാഴ്ചക്കാരുടെ മനം കുളിര്‍പ്പിക്കും. മന്ത്രി മുഹമ്മദ് റിയാസ് ലൈറ്റ് ഷോ സ്വിച്ച് ഓണ്‍ ചെയ്തു.
മിന്നിത്തിളങ്ങുന്ന മാനാഞ്ചിറയ്ക്ക് വല്ലാത്ത മൊഞ്ചാണിപ്പോള്‍. സ്നോ വേള്‍ഡാണ് ഇത്തവണത്തെ തീം. പിരമിഡിലും ഗ്ലോബിലും ഒക്കെ മഞ്ഞുകണങ്ങള്‍ പെയ്തിറങ്ങുന്ന പ്രതീതി. കാഴ്ച വിസ്മയം കാണാന്‍ പതിവിലും ഏറെ ആളുകളുമുണ്ട് . ടൂറിസം വകുപ്പാണ് ലൈറ്റ് ഷോയുടെ സംഘാടകര്‍. മൈതാനം മാത്രമല്ല, ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുമെല്ലാം വര്‍ണപ്രഭയില്‍ കുളിച്ചു നില്‍ക്കുകയാണ്. 97 ലക്ഷത്തിലധികം രൂപയാണ് ഇത്തവണത്തെ ലൈറ്റ് ഷോയുടെ ചെലവ്. പുതുവത്സര ദിനം വരെ എല്ലാ ദിവസവും വൈകീട്ട് 6.30ന് ലൈറ്റ് ഷോ തുടങ്ങും.