വാക്കുകളുടെ സൗന്ദര്യ ആരാധനയാണ് എംടിക്ക് എഴുത്ത് എങ്കിൽ, അർഥം കൊണ്ടുള്ള ആറ്റിക്കുറുക്കലാണ് പ്രസംഗങ്ങൾ. കലാ പരിസരത്ത് തന്നെയാണ് എം.ടി. എന്ന പ്രാസംഗികൻ അധികവും നിന്നത്. ഇടയ്ക്ക് മാത്രം രാഷ്ട്രീയ–സാമൂഹിക വിഷയങ്ങളിൽ തുറന്നടിച്ചു. കേൾക്കേണ്ടവർ കേട്ടു, കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതാണ് ആകെത്തുക.
എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം
പ്രസംഗകലയിൽ ഒരു വിദഗ്ധനല്ലെന്ന്, തൻറെ പ്രസംഗസമാഹാരമായ ‘വാക്കുകളുടെ വിസ്മയത്തിൽ’ എം.ടി പണ്ടേ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. പ്രത്യക്ഷപ്പെട്ടത്.. ഒഴിവാക്കാൻ പറ്റാത്ത സദസുകൾക്ക് മുന്നിൽ മാത്രം. പങ്കുവച്ചതിലധികവും അപ്പപ്പോൾ രൂപം കൊണ്ട ചിന്ത.
പ്രസംഗം കൊണ്ട് ആളെക്കൂട്ടിയ സുകുമാർ അഴീക്കോടിനോട് ഇങ്ങനെ ഉപദേശിച്ച എം.ടിയെ, ചങ്ങാതിയുടെ പ്രസംഗശൈലി സ്വാധീനിച്ചേയില്ല. എപ്പോഴും എല്ലാം വിളിച്ചുപറഞ്ഞില്ല. പറയേണ്ടത് ബാക്കിവച്ചുമില്ല. ആരാധക വൃന്ദത്തോട് അമിതാവേശത്തോടെ പ്രതിപത്തി കാട്ടാത്ത എം.ടി.. സദസിലോ മൈക്കിന് മുന്നിലോ നാടകീയതക്ക് നിന്നില്ല. കേരളത്തിന് പുറത്തുള്ള വേദികളിലും ഇംഗ്ലീഷിലും ഒഴിച്ച്, എഴുതിതയാറാക്കി പ്രസംഗിച്ചത് തന്നെ ചുരുക്കം.
സാഹിത്യസദസിലേക്ക് പോകുമ്പോൾ മാത്രമാണ്, പറയേണ്ടതിന് അടുക്കും ചിട്ടയും ആലോചിക്കാറുള്ളതെന്ന് എം.ടിയുടെ തന്നെ സാക്ഷ്യം. പ്രസംഗവും പ്രസ്തവാനയും അഭിമുഖവും അത്യാവിശ്യമോ അനിവാര്യമോ ആയിരുന്നില്ല എം.ടിക്ക്. എങ്കിലും ഇടയ്ക്ക് അദ്ദേഹം പ്രസംഗിച്ചു. ഭാഷകൊണ്ട് അർഥം ചാർത്തിയ പതിഞ്ഞ ഇടിമുഴക്കങ്ങളായി അത് കാലം കടന്ന് മുഴങ്ങട്ടെ.