ഉരുള്‍പൊട്ടല്‍ പുനരധിവാസ ടൗണ്‍ഷിപ്പിന് ഭൂമിയേറ്റെടുക്കാമെന്ന് ഹൈക്കോടതി വിധി വന്നതിന്‍റെ ആശ്വാസത്തിലാണ് ദുരന്തബാധിതര്‍. അഞ്ചുമാസമായിട്ടും ഭൂമി ഏറ്റെടുക്കാത്തതോടെ കടുത്ത നിരാശയിലായിരുന്നു ഓരോരുത്തരും. തുടര്‍ നടപടിയെങ്കിലും വേഗത്തിലാക്കി തങ്ങളെ പുനരധിവസിരപ്പിക്കണമെന്ന് ദുരന്തബാധിതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
ഉരുള്‍പൊട്ടലുണ്ടായി അഞ്ചുമാസമായിട്ടും ഭൂമിയേറ്റെടുക്കാത്തതില്‍ ആശങ്കയും അമര്‍ഷവുമുണ്ടായിരുന്നു. നിലവിലെ വിധി പുനരധിവാസത്തിനു വേഗതവരുത്തുമെന്നാണ് പ്രതീക്ഷ.
കല്‍പ്പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്ന് 78 ഹെക്‌ടറും, മേപ്പാടിക്കടുത്തെ നെടുമ്പാലയിലെ ഹാരിസണ്‍ എസ്റ്റേറ്റില്‍ നിന്ന് 65 ഹെക്ടര്‍ ഭൂമിയുമാണ് ടൗണ്‍ഷിപ്പിനു വേണ്ടത്. ഭൂമി അനിയോജ്യമെന്ന് ജോണ്‍ മത്തായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് മനസിലാക്കി ഉടന്‍ എസ്റ്റേറ്റ് ഉടമകളുമായി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ വിഷയം കോടതി കയറേണ്ടി വരില്ലായിരുന്നെന്നും നാല് മാസം നഷ്ടപ്പെടില്ലെന്നായിരുന്നെന്നും സ്ഥലം എംഎല്‍എ ടി. സിദ്ദിഖ് മനോരമ ന്യുസിനോട് പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ വൈകിയതോടെ മുസ്ലിലീഗും കെ.സി.ബി.സിയും സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്ഥലം ലഭ്യമായ സ്ഥിതിക്ക് നിര്‍മാണം തുടങ്ങും. അതിനിടെ ടൗണ്‍ഷിപ്പ് നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫിസറെ നിയമിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണിനെയാണ് സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചത്.