സ്മൃതിപഥത്തിലെത്തി എംടിയെ കാണുമ്പോൾ വിഘ്നേശിന് അന്യമായത് ഒരു ചെറുപുഞ്ചിരി നൽകിയ ഓർമകളാണ്. എം.ടി.വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയിലെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോഴിക്കോട് സ്വദേശിയാണ് വിഘ്നേശ്. വർഷങ്ങൾക്ക് മുമ്പേ നടന്ന വാഹനാപകടം നൽകിയ ആരോഗ്യാവസ്ഥയെ അവഗണിച്ചാണ് വിഘ്നേശ് അവസാനമായി എംടിയെ കാണാനെത്തിയത്
വിഘ്നേശിൻറെ ജീവിതത്തിലേക്ക് ഒരു ചെറുപുഞ്ചിരിയുമായാണ് എംടി കടന്നുവന്നത്. ആ തണലിൻറെ വാത്സല്യം കുഞ്ഞുപ്രായത്തിൽ വിഘ്നേശും ആവോളം അറിഞ്ഞു. കണ്ണൻ എന്ന കഥാപാത്രത്തിന് വേണ്ടിയുളള എംടിയുടെ അന്വേഷണമാണ് വിഘ്നേശിലേക്ക് എത്തുന്നത്. ബാല്യത്തിൽ തന്നെ എംടിയെ അടുത്തറിയാൻ സാധിച്ചത് ഭാഗ്യമായി കരുതുകയാണ് വിഘ്നേശ്
നിർമാതാവ് ശത്രുഘ്നനാണ് വിഘ്‌നേശിനെ എംടിക്ക് പരിചയപ്പെടുത്തിയത്. കണ്ടമാത്രയിൽ കണ്ണനായി വിഘ്നേശ് തന്നെ മതിയെന്നായി എംടി. ഇതോടെ ചെറുകഥകളെ അടിസ്ഥാനമാക്കിയ പരമ്പരയിൽ എംടിയുടെ ബാല്യകാലവും വിഘ്നേശ് അവതരിപ്പിച്ചു. 12 മലയാള സിനിമകളിലാണ് വിഘ്‌നേശ് അഭിനയിച്ചത്. 2017 ജനുവരിയിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് വിഘ്നേശ് എട്ട് മാസം അബോധവസ്ഥയിലായിരുന്നു. തലയ്ക്കേറ്റ പരുക്കിനെ തുടർന്ന് ഇപ്പോഴും ആരോഗ്യം പൂർണമായും വീണ്ടെടുക്കാനായിട്ടില്ല.