തന്‍റെ കയ്യില്‍ നിന്ന് കഞ്ചാവ് കിട്ടിയിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ്. തനിക്ക് ഒരുപാട് കോള്‍ വരുന്നുണ്ടെന്നും തന്‍റെ ചിത്രം വച്ച് പലരും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും കനിവ് വിഡിയോയില്‍ പറയുന്നു.
തന്‍റെ മകന്‍റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്ന് യു പ്രതിഭയും പ്രതികരിച്ചു. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത തെറ്റാണെന്നും സുഹൃത്തുക്കളുമായി ഇരുന്നപ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും യു പ്രതിഭ പറയുന്നു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു.
എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഒൻപത് യുവാക്കളെ തകഴിയിൽ നിന്നാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചട്ടം 27B വകുപ്പ് പ്രകാരമാണ് എംഎൽഎയുടെ മകനടക്കം ഉള്ളവർക്കെതിരെ എക്സൈസ് കേസെടുത്തത്. ജാമ്യം കിട്ടുന്ന വകുപ്പാണ് ചുമത്തിയിരുന്നത്. പൊതു സ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചുവെന്നാണ് കേസ്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനവും ഇവരിൽ നിന്ന് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.