rahul-mamkootathil-uma-thomas

കലൂർ സ്റ്റേഡിയത്തിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസിനെപ്പറ്റിയുള്ള വാര്‍ത്തയ്ക്ക് താഴെ വന്ന മോശം കമന്‍റുകള്‍ക്കെതിരെ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ പറ്റിയുള്ള വാർത്തയുടെ പ്രതികരണമാണിതെന്ന ക്യാപ്ഷനോടെയാണ് മോശം കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ട് രാഹുല്‍ ഫെയ്സ്ബുക്കില്‍ പങ്കിട്ടത്. 

ഈ നികൃഷ്‌ട ജന്മങ്ങൾ പിന്നെയും പാടും 'മനുഷ്യനാകണം മനുഷ്യനാകണം'.... ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാൻ ശ്രമിക്കട്ടെ.... – അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഉമാ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

ശ്വാസകോശത്തിലുണ്ടായ ഗുരുതരമായ ചതവുകൾ അൽപം കൂടിയിട്ടുണ്ടെന്ന് ഇന്നു രാവിലെ റിനൈ മെഡിസിറ്റി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇതു മൂലം കൂടുതൽ ദിവസം വെന്റിലേറ്ററിൽ തുടരേണ്ടി വരും. ശ്വാസകോശത്തിന്റെ ചതവിനുള്ള ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകൾ നൽകുകയാണ്. 

തലയ്ക്കേറ്റ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല. കഴുത്തിന്റെ ഭാഗത്തെ നട്ടെല്ലിനു (സെർവിക്കൽ സ്പൈൻ) പൊട്ടലുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണു ചികിത്സ. കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും വിദഗ്ധോപദേശം നൽകാനായി ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Rahul Mamkootathil fb post about uma thomas accident