കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും വീണുപരുക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ കുറിപ്പ് പ്രതീക്ഷയാകുന്നു. ആശുപത്രി ഐസിയുവില്‍ നിന്നും മക്കളോട് പറയാനുള്ളതാണ് എംഎല്‍എ കടലാസില്‍ കുറിച്ചത്. ഇപ്പോളും 25ശതമാനം വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഉമയുടെ ചികിത്സ. കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ എഴുന്നേറ്റിരുന്നു. തുടര്‍ന്നാണ് മക്കളോട് പറയാനുള്ള കാര്യങ്ങള്‍ എഴുതി കൈമാറിയത്.
പാലാരിവട്ടം പൈപ്‌ലൈന്‍ ജങ്ഷനിലെ വീട്ടില്‍ ഇപ്പോള്‍ അറ്റകുറ്റപ്പണി നടക്കുകയാണ്. കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിക്കുന്നത്. അറ്റകുറ്റപ്പണി കഴിഞ്ഞ് പാലാരിവട്ടത്തെ വീട്ടിലേക്ക് മാറാനിരിക്കുമ്പോഴാണ് എംഎല്‍എക്ക് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചാണ് കുറിപ്പെഴുതിയത്. മലയാളത്തിലും ഇംഗ്ലിഷിലുമായാണ് ഉമ കുറിപ്പെഴുതിയത്. വാരിക്കൂട്ടണം എല്ലാ സാധനങ്ങളും എന്ന് രണ്ടു വരിയിലായാണ് എഴുതിയത്.
വാടകവീട്ടില്‍ നിന്നും മാറുമ്പോള്‍ എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്നും ഒന്നും മറക്കരുതെന്നുമാണ് കുറിപ്പിലുള്ളത്. സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയാണ് ഉമ തോമസ് എംഎല്‍എക്ക് വീണ് പരുക്കേറ്റത്. റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് ആദ്യമായാണ് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നത്. രണ്ടു ദിവസത്തിനകം വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാനാകുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പ്രകടപ്പിച്ചു.