‘എന്‍റെ അച്ഛന്‍ തന്നെയാ എന്‍റെ ബലം. സാധാരണ എല്ലാ മത്സരത്തിനും ഞാന്‍ വന്ന് നില്‍ക്കുമ്പോള്‍ എന്‍റെ അച്ഛന്‍ എനിക്ക് താളമിട്ടുതരുന്നതാ. അച്ഛനേയും കൂട്ടിക്കൊണ്ടാ ഞാന്‍ വന്നേ, ഇതെന്‍റെ അച്ഛന്‍റെ ഷര്‍ട്ട്. അച്ഛന്‍റെ വാച്ച്, അച്ഛന്‍റെ ഷൂ, അച്ഛന്‍റെ മാല... അച്ഛനില്ലാണ്ട് എനിക്ക് ഒന്നും പറ്റത്തില്ല. എനിക്കെന്നല്ല, ആര്‍ക്കും പറ്റത്തില്ല എന്‍റെ വീട്ടില്‍. അച്ഛനാണ് എല്ലാം എന്നെ ഏല്‍പ്പിച്ചിട്ട് പോയത്. എന്തായാലും ഞാന്‍ എല്ലാം ചെയ്യും. എല്ലാം ഞാന്‍ നോക്കും’ കണ്ഠമിടറി കണ്ണീര് ഉള്ളിലൊതുക്കിയാണ് ഹരിഹർദാസ് ഇതത്രയും മനോരമ ന്യൂസിനോട് പറഞ്ഞത്. കലോത്സവവേദിയില്‍ എല്ലാം ഉള്ളിലൊതുക്കി മത്സരത്തിനെത്തിയ ഹരിഹർദാസിന്‍റെ മുഖം നോവായി പടരുകയാണ്.
അച്ഛന്‍റെ ചിതയ്ക്ക് തീകൊളുത്തി മണിക്കൂറുകള്‍ക്കകമാണ് ‘അച്ഛനേയും കൂട്ടി’ ഹരിഹർദാസ് കലോത്സവത്തിലെ വൃന്ദവാദ്യ മത്സരത്തിൽ ഓടക്കുഴൽ വായിക്കാനെത്തിയത്. ഗായകനായ അച്ഛൻ അയ്യപ്പദാസ് ശനിയാഴ്ചയുണ്ടായ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. കോട്ടയം കാണക്കാരിയിൽ വച്ചായിരുന്നു ബൈക്ക് അപകടം. ഇതോടെ ഓടക്കുഴൽ വിഭാഗത്തിലെ മത്സരം ഉപേക്ഷിച്ച് ഹരിഹർദാസ് വീട്ടിലേക്ക് പോയി. ഓടക്കുഴലിൽ തുടർച്ചയായ മൂന്നാംജയം എന്ന അച്ഛന്‍റെ സ്വപ്നം പൊലിഞ്ഞു.
ALSO READ; 'തോല്‍ക്കില്ലെടാ... അച്ഛനുണ്ട് കൂടെ'; ചിതയ്ക്ക് തീകൊളുത്തി കലോല്‍സവ വേദിയിലെത്തിയ മകന്‍
ഞായറാഴ്ച രാത്രി ചിതയ്ക്ക് തീ കൊളുത്തിയശേഷം ഹരിഹർദാസ് വൃന്ദവാദ്യ മത്സരത്തിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു വന്നു. അച്ഛന്റെ ഷർട്ടും വാച്ചും മാലയും അണിഞ്ഞ്. സംഘത്തിലെ എല്ലാവരും വെള്ള ഷർട്ട് ഇട്ടപ്പോൾ ഹരിഹർദാസ് അവൻ്റെ അച്ഛൻ്റെ ഷർട്ടണിഞ്ഞു. അച്ഛന്‍റെ ആത്മാവും മണവും കൂടെയുണ്ടെന്ന വിശ്വാസം മുറുകെപ്പിടിച്ച് മത്സരിച്ചിറങ്ങി.
മുൻപ്കൊച്ചിൻ കലാഭവനിലെ ഗായകനായിരുന്ന അയ്യപ്പദാസ് കോട്ടയം സ്റ്റാർ വോയിസ് ഗാനമേള ട്രൂപ്പിലെ ഗായകനായിരുന്നു. മകൻ്റെ കലോത്സവത്തിലെ വിജയത്തിലെ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് അയ്യപ്പദാസ് ആയിരുന്നു.കരഞ്ഞു കലങ്ങിയ കണ്ണുമായി അനിയത്തിയും അമ്മയും വീട്ടിലുണ്ട്. കോട്ടയം ളാക്കാട്ടൂർ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഹരിഹർദാസ്.