സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണിറോസ് പരാതി നല്‍കിയത് ധീരമായ നടപടിയെന്ന് സംവിധായകന്‍ വിനയന്‍. വസ്ത്രധാരണത്തിലടക്കം നടിമാരെ നവമാധ്യമങ്ങളില്‍ അപമാനിക്കുന്ന പ്രവണതയുണ്ട്. വ്യാപാരിയും സമ്പന്നനുമായ ആള്‍ തരംതാഴ്ന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ആരെങ്കിലും പ്രതികരിച്ചാലേ ഈ പോക്ക് നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. ഹണിയുടെ നടപടി മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സൈബര്‍ ആക്രമണത്തിനെതിരെ ഹണിറോസ് നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സൈബര്‍സെല്‍ അംഗങ്ങളെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ താരത്തിന്‍റെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. നിലവിൽ എഴുതി നൽകിയ പരാതി അടിസ്ഥാനപ്പെടുത്തിയുള്ള മൊഴിയെടുപ്പിന് ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നതിൽ തീരുമാനമെടുക്കും. തെളിവുകൾ കൂടി ശേഖരിച്ച ശേഷം ബോബി ചെമ്മണ്ണൂരിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. അറസ്റ്റിനുള്ള സാധ്യതയുള്ളതിനാൽ ബോബി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കും. നിലവിൽ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.