വട്ടപ്പാട്ട് കഴിഞ്ഞിറങ്ങുന്ന പുതിയാപ്ലയുടെയും കൂട്ടരുടെയും കൈകൾ ശ്രദ്ധിച്ചിട്ടുണ്ടോ. മുഖത്തേ പുഞ്ചിരിയുടെ സൗന്ദര്യം ആ കൈകളിൽ കാണില്ല. ചുവന്നു തുടിച്ച ആ കൈകൾ പറയും കലക്ക് പിന്നിലെ അധ്വാനം. വേദന പുളഞ്ഞാലും മുഖത്തേ പുഞ്ചിരി വിടാത്ത കൂട്ടരാണത്. പുതിയാപ്ലയും കൂട്ടരും പുഞ്ചിരിച്ചു കൈകൊട്ടി വേദിയാകെ കയ്യിലെടുക്കുന്നുണ്ട്. മാറാത്ത ചിരിയും തളരാത്ത കൊട്ടും പിന്നെ കല്യാണപ്പാട്ടും. വട്ടപ്പാട്ടിന്റെ വർണ പാകിട്ട് ഇങ്ങനെയൊക്കെയാണ്
എന്നാൽ കൊട്ടിനും ഈ പാട്ടിനുമിടയിലെ വേദനയുള്ള അധ്വാനത്തെ പറ്റി അറിയുമോ.മത്സരം കഴിയുമ്പോൾ കൈകൾക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ടാകും, നിറത്തിലും കോലത്തിലുമൊക്കെ. ചുവന്നു തുടുത്ത്. മാസങ്ങൾക്കു മുന്നേ റിഹേഴ്സൽ തുടങ്ങിയത് കൊണ്ട് ചിലരുടെ കൈകൾക്ക് നേരത്തെ നിറം മാറിയിട്ടുണ്ട്. ഭാരം വെച്ചിട്ടുമുണ്ടാവും. എന്തായാലും പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ. കലകൾക്കെല്ലാം മധുരമുണ്ട് ഒപ്പം നല്ല വേദനയുമുണ്ട്. പുതിയാപ്ലക്കൂട്ടർക്ക് പ്രത്യേകിച്ചും.