ആദിവാസി മേഖലയിലെ യുവതി, യുവാക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യം വരെ മുന്നോട്ടെന്ന പദ്ധതിയുമായി പൊലീസ്. സൗജന്യ പി.എസ്.സി പരിശീലനവും ബോധവല്‍ക്കരണ ക്ലാസുകളും ചുരുങ്ങിയ കാലത്തിനുള്ളില്‍ ആനക്കല്‍ മേഖലയിലുണ്ടാക്കിയ ചലനം ചെറുതല്ല. പാലക്കാട് മലമ്പുഴ പൊലീസാണ് മികച്ച അധ്യാപകരുടെ പിന്തുണയോടെ മാതൃകാപരമായ പദ്ധതി നടപ്പാക്കി നാടിനാകെ കരുത്ത് നല്‍കുന്നത്.
പ്രതീക്ഷയോടെയുള്ള വരവാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വകയുണ്ടെന്ന് പഠിപ്പിച്ചവരുടെ അരികിലേക്ക്. അവിടെ യാത്രാദൈര്‍ഘ്യമോ, വഴിമുടക്കുന്ന കൊമ്പന്‍റെ വമ്പോ, ജീവിത പ്രാരാബ്ധങ്ങളോ ഒന്നുമില്ല. ഒരേയൊരു ലക്ഷ്യം മാത്രം. മനസിരുത്തി പഠിക്കണം. വനത്തില്‍ കഴിയുന്നവര്‍ക്കെന്തിന് ജോലിയെന്ന് ചോദിക്കുന്നവരോട് അഭിമാനത്തോടെ സര്‍ക്കാര്‍ ഉദ്യോഗമുണ്ടെന്ന് പറയാന്‍ അവസരമുണ്ടാക്കണം. അവധി ദിവസങ്ങള്‍ക്കായാണ് ഇവരുടെ കാത്തിരിപ്പ്. പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പരിഷ്കരിക്കാന്‍, പുതിയ അറിവ് നേടാന്‍. പ്രതീക്ഷയുടെ വാതായനം തുറക്കാന്‍. വന്യമൃഗഭീഷണി നിലനില്‍ക്കുന്ന ഊരുകളില്‍ നിന്നുള്‍പ്പെടെ പല ഉദ്യോഗാര്‍ഥികളും കാല്‍നടയായാണ് പരിശീല ക്ലാസിലെത്തേണ്ടത്. ഗതാഗത സൗകര്യങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമം വേണമെന്ന് പഠിതാക്കള്‍
പൊലീസുകാര്‍ സ്വന്തംനിലയിലാണ് അധ്യാപകരെ എത്തിക്കുന്നതും ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്നതും. പഞ്ചായത്തും വിവിധ സര്‍ക്കാര്‍ വകുപ്പുകളും പിന്തുണച്ചാല്‍ ലക്ഷ്യം വരെ തടസമില്ലാതെ മുന്നേറാനാവും. പഠനം തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ പലരും പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെടെ ഇടംപിടിച്ചിട്ടുണ്ട്. ഭാര്യയുടെ ജോലി സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കുഞ്ഞിനെ താലോലിച്ച് അതേ ക്ലാസിന്‍റെ പിന്‍നിരയിലിരിക്കുന്ന ഭര്‍ത്താവിന്‍റെ മുഖത്തുണ്ട് ലക്ഷ്യത്തിലേക്കെത്താനുള്ള വ്യഗ്രത