കാഴ്ച കാണാനുള്ള മോഹം കൊണ്ട് ഇന്ത്യയൊട്ടാകെ ലോറി ഓടിച്ച് വൈറലായ താരങ്ങളാണ് പുത്തേട്ട് ട്രാവല്‍സ് എന്ന യൂട്യൂബ് ചാനലിലെ അമ്മയും മകളും അടങ്ങുന്ന കുടുംബം. ഇപ്പോഴിതാ ലോറിയില്‍ തുടങ്ങിയ അവരുടെ ജീവിതത്തില്‍ പുതിയ കൂട്ടായി കാരവനും എത്തിയിരിക്കുകയാണ്. ആദ്യം ടൂ വീലർ ലൈസൻസും, പിന്നീട് ഫോർ വീലർ, അവസാനം 12 വീൽ ട്രക്ക് ഡ്രൈവ് ചെയ്യാൻ വരെയുള്ള ലൈസൻസ് ജലജ നേടി. ഭര്‍ത്താവ് ആദ്യം ലോറി വാങ്ങിയപ്പോള്‍ കൂട്ട് പോയി തുടങ്ങിയ ജലജ ഇപ്പോള്‍ തനിയെ ഇന്ത്യയൊട്ടാകെ പോവാറുണ്ട്. ജലജയുടെ മകൾ ദേവിക 20–ാം വയസ്സിൽത്തന്നെ ഹെവി ലൈസൻസ് എടുത്തു. ഇരുവരുടെയും യാത്ര വിഡിയോകള്‍ എല്ലാം സൈബറിടത്ത് വൈറലാണ്.
വിവാഹവാർഷിക ദിനത്തിലാണ് ജലജ കശ്മീരിലേക്ക് ട്രക്കിൽ പോകണമെന്ന് ആഗ്രഹം പറഞ്ഞത്. പക്ഷേ ഓടിക്കാൻ മടി. ഓടിച്ചാലേ കൊണ്ടുപോകൂ എന്നു ഭര്‍ത്താവ് പറഞ്ഞതോടെ ജലജ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. ലോഡ് കയറ്റിയ ട്രക്ക് 15–ാം ദിവസം ചെന്നുനിന്നത് കശ്മീർ താഴ്‌വരയിൽ. 19 വർഷം വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ജലജയുടെ ട്രക്ക്ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. 2022 ഫെബ്രുവരി രണ്ടിന് തുടങ്ങിയ ആ ഓട്ടം 22 സംസ്ഥാനങ്ങളും ലഡാക്ക് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളും അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും പിന്നിട്ടു. ഓരോ സ്ഥലത്തും ചരക്ക് ഇറക്കുന്നതിനൊപ്പം കാടും മേടും കണ്ടും ജനജീവിതം തൊട്ടറിഞ്ഞും ഇന്ത്യയെ കണ്ടെത്തുന്ന ആ യാത്ര വൈറലാണ്.