ലോകം ഏറ്റവും കൂടുതൽ കണ്ട ഇൻസ്റ്റഗ്രാം റീലുകളിലൊന്നാണ് ഇതെന്ന ക്യാപ്ഷനോടെ മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ വെച്ച് ഫ്രീസ്റ്റൈൽ കിക്ക് ചെയ്തുകൊണ്ട് മുഹമ്മദ് റിസ്വാൻ ഗിന്നസ് റെക്കോർഡിൽ എത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. ടൂറിസ്റ്റ് കേന്ദ്രമായ കേരളാംകുണ്ട് വെള്ളച്ചാട്ടവും ഇതിലൂടെ ലോകപ്രസിദ്ധമാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദ്രനിരപ്പിൽ നിന്ന് 1,500 അടി ഉയരത്തിൽ കരുവാരക്കുണ്ട് എന്ന ചെറിയ ഗ്രാമത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഓഫ് റോഡിലൂടെ ചെറിയ ട്രെക്കിംഗ് നടത്തിവേണം ഈ സ്ഥലത്തെത്താൻ. 150 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കേരളാംകുണ്ട് വെള്ളച്ചാട്ടവും പരിസര പ്രദേശങ്ങളും. സൈലൻ്റ് വാലിയുടെ ആഴത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, ഇവിടം വളരെ മനോഹരവും ശാന്തവുമായ ഇടമാണ്. ഇവിടെ ഒരു പ്രകൃതിദത്ത കുളം ഉണ്ട്, അതിൽ നിന്നുള്ള വെള്ളം പാറകളിലൂടെ ഒഴുകുന്നുണ്ട്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ് ഇവിടം. വേനലിൽ പോലും ഇവിടെ വെള്ളത്തിന് ക്ഷാമമില്ല.