പഠിക്കാൻ മിടുമിടുക്കിയായ ഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്. പക്ഷേ, പൊലീസ് ഗ്രീഷ്മയുടെ നീക്കങ്ങൾ എല്ലാം ഒന്നൊന്നായി തകർത്തു. പഠനത്തിൽ അതീവമിടുക്കിയായിരുന്നു ഗ്രീഷ്മ കലാപ്രവർത്തനത്തിലും സജീവമായിരുന്നു. കോളേജിലെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ആക്റ്റീവായി പങ്കെടുത്തിരുന്ന പെൺകുട്ടിയായിരുന്നു ഗ്രീഷ്മ എന്ന് കോളേജ് അധികൃതർ പറയുന്നു.
ഷാരോൺ രാജ് എന്ന ചെറുപ്പക്കാരന്റെ മരണമൊഴിയിൽ പോലും തന്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ പേര് പറഞ്ഞിരുന്നില്ല. അത്രയേറെ വിശ്വസിച്ച പെൺകുട്ടിയാണു പക്ഷേ ആ ഇരുപത്തിമൂന്നുകാരനെ അഞ്ചുതവണയെങ്കിലും കൊലപ്പെടുത്താൻ ശ്രമിച്ചു ഗ്രീഷ്മ. ഒടുവിൽ അവൾ ലക്ഷ്യം കാണുകയും ചെയ്തു. അസ്വാഭാവിക മരണം എന്നുപറഞ്ഞ് പൊലീസ് എഴുതിത്തള്ളുമായിരുന്ന കേസ് കേരളത്തെ നടുക്കിയ കൊലപാതകക്കേസായി മാറി. 2022 ഒക്ടോബർ 25നാണ് ജൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്ന ഷാരോൺ മരണപ്പെടുന്നത്. മരണത്തിൽ സംശയം ആരോപിച്ച് കുടുംബാംഗങ്ങള്‍ നൽകിയ പരാതിയുടെ ചുവടുപിടിച്ച് പൊലീസ് ചെന്നെത്തിയത് കേരള മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച കൊലപാതകത്തിലേക്കായിരുന്നു. സംശയത്തിന്റെ ആദ്യമുന തന്നെ ഗ്രീഷ്മയ്ക്കു നേരെയായിരുന്നു. കഷായത്തിൽ കലർത്തി നൽകിയ കീടനാശിനി ഉള്ളിൽ ചെന്നാണു ഷാരോൺ മരിച്ചതെങ്കിലും പൊലീസ് അന്വേഷണമാരംഭിക്കുന്ന ഘട്ടത്തിൽ അതിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നില്ല. ചികിത്സയുടെ ഭാഗമായി 3 തവണ ഡയാലിസിസ് ചെയ്തതോടെയാണ് വിഷത്തിന്റെ അംശം കണ്ടെത്താനാകാത്ത സ്ഥിതി വന്നത്. ഷാരോണിന്റെ വായിലും ശ്വാസകോശത്തിലും വൃക്കയിലുമുണ്ടായ വ്രണങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കീടനാശിനി ശരീരത്തിനുള്ളിൽ എത്തിയാലുണ്ടാകുന്ന ലക്ഷണങ്ങളെല്ലാം ഈ വ്രണങ്ങളിലുമുണ്ടെന്നു വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ തെളിയിച്ചു.
തന്റെ നടുവേദന മാറാനാണു കഷായം വാങ്ങിയതെന്നായിരുന്നു ഷാരോണിന്റെ സഹോദരനോടും പൊലീസിനോടും ഗ്രീഷ്മ ആദ്യം പറഞ്ഞിരുന്നത്. ബന്ധുവായ ഫിസിയോതെറപ്പിസ്റ്റ് പ്രശാന്തിനി, അവരുടെ സുഹൃത്തായ ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് വാങ്ങിയ നൽകിയതാണെന്നും പറഞ്ഞു.എന്നാൽ, അങ്ങനെയൊരു കുറിപ്പടി ആർക്കും നൽകിയിട്ടില്ലെന്ന് ഡോക്ടർ മൊഴി നൽകി. കഷായം വാങ്ങി ഗ്രീഷ്മയ്ക്കു നൽകിയിട്ടില്ലെന്നു പ്രശാന്തിനിയും പറഞ്ഞു. ഗ്രീഷ്മ പറയുന്ന കഷായം, ഏറെനാളായി വിൽപനയ്ക്കെത്തിയിട്ടില്ലെന്ന് മരുന്ന് കടയുടമ കൂടി മൊഴി നൽകിയതോടെ, കഷായത്തെക്കുറിച്ചുള്ള കള്ളക്കഥ പൊളിഞ്ഞു. പ്രശാന്തിനിയുടെ മൊഴി ക്രൈംബ്രാഞ്ച് കേൾപ്പിച്ചതോടെ, അതുവരെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചിരുന്ന ഗ്രീഷ്മ സത്യം പറഞ്ഞുതുടങ്ങി.