കെസിഎ–സഞ്ജു സാംസണ്‍ തര്‍ക്കം തുടരുന്നതിനിടെ സഞ്ജുവിന് പിന്തുണയുമായി ഷാഫി പറമ്പില്‍ എംപി രംഗത്ത്. സഞ്ജുവിനെതിരെ സാങ്കേതികത്വത്തിൻ്റെ പരിചയും അച്ചടക്കത്തിൻ്റെ വാളും പിടിക്കേണ്ട സമയമായിരുന്നില്ല ഇതെന്ന് കെ സി എ മനസ്സിലാക്കാതെ പോയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് കാക്കുന്ന ഇന്ത്യക്കാരിൽ ഏറ്റവും മികച്ച ആവറേജും, അവസാനം കളിച്ച മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ അവരുടെ മണ്ണിൽ നേടിയ സെഞ്ച്വറിയും, ടി20യിലെ ചരിത്ര സെഞ്ചറികളും സഞ്ജുവിനെ തഴയാൻ തീരുമാനിച്ചവർക്ക് ഒരു തടസ്സമായി തോന്നാത്തതിന് സഞ്ജുവിൻ്റെ കടുത്ത വിമർശകർക്കും ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
സഞ്ജുവിൻ്റെ ഒരു അവസരം മാത്രമല്ല നിഷേധിക്കുന്നതിന് അവർ കാരണമായത്. മികച്ച ഫോമിൽ ഇന്ത്യൻ ടീമിൽ രണ്ട് ഫോർമാറ്റിലും കളിക്കുന്ന ഒരു ബാറ്റ്സ്മാൻ എന്നത് മലയാളി ആദ്യമായി കാണുന്ന കാഴ്ച്ചയാണ്. അത് ഒരുപാട് യുവതാരങ്ങൾക്ക് പ്രചോദനവും ആവേണ്ട സമയമാണ്.
വിജയ് ഹസാരെ കളിച്ചില്ല എന്നത് കൊണ്ട് സഞ്ജുവിനെയും, 7 മത്സരങ്ങളിൽ 5 സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടിയ കരുൺ നായർക്കും അവസരം നിഷേധിക്കുന്നതിന് ഒരുമിച്ച് ന്യായീകരണം ചമയ്ക്കൽ പാടായിരിക്കും.
സഞ്ജു ഒട്ടും സമ്മർദ്ദമില്ലാതെ കളിക്കേണ്ടിയിരുന്ന ഒരു ടി20 സീരീസ് ഇപ്പോ വീണ്ടും അയാളെ കീറിമുറിക്കാൻ കാത്തു നിൽക്കുന്നവർക്ക് ഒരു അവസരമായിരിക്കും. "അയാൾ പക്ഷെ അതിനെയും അതിജീവിക്കും, കാരണം അയാളുടെ കുപ്പായം വിയർപ്പ് തുന്നിയിട്ടതാണ്." – ഷാഫി പറമ്പില്‍ വ്യക്തമാക്കി.