കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷാവിധി ഇന്ന്. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.
അതേ സമയം അവസാന നിമിഷം വരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കൃത്യം മറച്ചുവയ്ക്കുകയായിരുന്നു ഗ്രീഷ്മ. വീട്ടിലെത്തിയ ശേഷമുണ്ടായ ഛർദിയും ശാരീരികാസ്വാസ്ഥ്യവും വന്ന കാര്യം ഷാരോൺ ഗ്രീഷ്മയോട് പങ്കുവച്ചിരുന്നു. എന്നാൽ, താൻ കുടിച്ച കഷായം തന്നെയാണ് ഇച്ചായനും നൽകിയതെന്നായിരുന്നു വാട്‌സ്ആപ്പ് ചാറ്റിൽ പറഞ്ഞത്. ഇരുവരുടെയും സുഹൃത്തിനോടും ഒന്നും അറിയാത്ത പോലെയായിരുന്നു ഗ്രീഷ്മ സംസാരിച്ചത്. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും ശബ്ദരേഖയുമെല്ലാം പുറത്തുവന്നിരുന്നു. പച്ചനിറത്തിലാണ് ഛർദിക്കുന്നതെന്ന് പറഞ്ഞപ്പോൾ അത് കഷായം കുടിച്ചതുകൊണ്ടാകും. കഷായത്തിന്റെ നിറം അതാണെന്നും പറയുന്നുണ്ട്.
ഗ്രീഷ്മയുടെ ചാറ്റ് ഇങ്ങനെ : ‘ഞാൻ കാരണമാണല്ലേ.. ഇനി വീട്ടിൽ അറിയുമ്പോൾ ഞാൻ കാരണമായിരിക്കും. നിങ്ങൾ ഒരു കാര്യം ചെയ്യ്. മെഡിക്കൽ സ്‌റ്റോറിൽനിന്ന് ഛർദിക്കുള്ള ടാബ്ലെറ്റ്‌സ് വാങ്ങ്. അപ്പൊ ഓക്കെ ആകും’ ഷാരോൺ വീണ്ടും കഷായത്തെക്കുറിച്ചും ജ്യൂസിനെക്കുറിച്ചും സംശയം ചോദിച്ചപ്പോഴും ഗ്രീഷ്മ ഇതേകാര്യങ്ങൾ ആവർത്തിച്ചു. നിഷ്‌കളങ്കത അഭിനയിച്ച് കരഞ്ഞുകൊണ്ടാണ് പ്രതികരണം.