ചെറുപ്പത്തിൽ കല പഠിക്കുന്നു. ജീവിതത്തിന്‍റെ മറ്റൊരു വഴിത്തിരിവിൽ ജോലിയായി, കുടുംബമായി, പിന്നെ മറ്റൊന്നും ആവാൻ നേരമില്ലല്ലോ. എന്നാൽ അങ്ങനെ അല്ലാത്ത ഒരാളുണ്ട്. കലിഫോര്‍ണിയയിൽ ഇന്‍റൽ കമ്പനിയിൽ ഡിസൈൻ ചീഫ് എഞ്ചിനീയർ ആണ് ചെറുപ്പളശ്ശേരി സ്വദേശിനിയായ റോഷ്‌നി. ശ്വാസം വിടാൻ നേരമില്ലാത്ത ജോലിക്കിടയിലും കഥകളി ഒപ്പം ചേർത്ത് പിടിക്കുന്നു. വർഷത്തിൽ രണ്ട് തവണ നാട്ടിൽ വരും. കിട്ടാവുന്ന വേദികളിലെല്ലാം വേഷം ചെയ്യും. ഈ വരവിൽ നരകാസുരവദത്തിലെ ലളിതയാണ്. സ്ത്രീവേഷങ്ങളിൽ ഏറ്റവും ചിട്ടയോടെ ചെയ്യേണ്ട പദമാണ് ലളിതയുടേത്.
നീലാംബരിയിൽ പതിഞ്ഞ കാലത്തിൽ തുടക്കം. ദേവേന്ദ്ര പുത്രനോടുള്ള പ്രണയത്താൽ കമമോഹിതയാവുന്ന ലളിത. ഒടുക്കം ജയന്തനാൽതന്നെ ഉണ്ടാവുന്ന മാനഹാനിയിൽ നക്രതുണ്ടി രൂപത്തിലെ രൗദ്രവുംഒക്കെ ചെയ്ത് ഫലിപ്പിക്കേണ്ട കടുത്ത ഉത്തരവാദിത്വമുള്ള വേഷം. ഓരോ വരവിലും വേഷം ഉറപ്പാക്കാൻ വേദികൾ റോഷനിക്ക് മുന്നിൽ ഉണ്ടാവും. ചൊല്ലിയാടിച്ചു ഭേഷക്കാൻ ഗുരു കോട്ടക്കൽ ഹരികുമാറും.
അൻപതാണ്ടിന്‍റെ നിറവിൽ നിൽക്കുന്ന വനിത കഥകളി സംഘത്തിലെ അംഗങ്ങളെ സാക്ഷിയാക്കി ഇത്തവണ ലളിതക്ക് അരങ്ങൊരുക്കുന്നത് ആ വനിത സംഘത്തിന് ആദ്യ അരങ്ങൊരുക്കിയ തൃപ്പുണിത്തുറ കഥകളി കേന്ദ്രമാണ്. കലയോട് ചേർന്ന് നിൽക്കാൻ പുതുതലമുറയെ പ്രചോദിപ്പിക്കുന്നു ഏഴാം വയസിൽ കഥകളി പഠനം തുടങ്ങിയ രോഷ്നി. മനയോല കൂട്ടിന്റെ കടുംചായത്തിൽ നിന്ന് ഉത്തരീയം മാറ്റി രോഷ്നി വിമാനം കയറുമ്പോൾ അടുത്ത അണിയറ ഒരുക്കങ്ങൾ മനസ്സിൽ മെയ്യുറപ്പടവ് തുടങ്ങും.