എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും അധ്യാപകനായെത്തി പ്രഫസര്‍ എം.കെ.സാനു. പൂര്‍വവിദ്യാര്‍ഥികളും വിദ്യാര്‍ഥികളുമടക്കം ഒട്ടേറെപേര്‍ മാഷിന്‍റെ ക്ലാസിലെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും പഠിപ്പിച്ചും ഒത്തുചേരല്‍ ആഘോഷമാക്കിയാണ് മാഷ് മടങ്ങിയത്. നാല് പതിറ്റാണ്ട് മുന്‍പ് അധ്യാപകനായി നിന്ന അതേ മലയാളം വിഭാഗം ക്ലാസ് മുറിയിലാണ് മാഷ് വീണ്ടും എത്തിയത്. കാവ്യസങ്കല്‍പ്പം എന്ന വിഷയത്തിലായിരുന്നു ക്ലാസ്. പ്രായത്തിന്‍റെ അവശതകളെല്ലാം മറന്ന് ചുറുചുറുക്കോടെ അദ്ദേഹം സംസാരിച്ചു തുടങ്ങി .
വര്‍ഷങ്ങള്‍ മുന്‍പ് പഠിച്ചവരും ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചവരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ ക്ലാസിലെത്തി. മാഷിന്‍റെ മുന്നില്‍ പ്രായഭേദമന്യേ എല്ലാവരും കുട്ടികളായി. സാഹിത്യത്തെ കുറിച്ചുള്ള ക്ലാസ് പലര്‍ക്കും പഴയ കോളജ് കാലത്തിലേക്കുള്ള തിരിച്ചുപോക്കുകൂടി ആയിരുന്നു. ഓര്‍മകള്‍ നിറഞ്ഞു നിന്ന ആ പഴയ ക്ലാസ് മുറിയില്‍ പറഞ്ഞും പഠിച്ചും ഒരുദിനം. അലുമിനി കണക്ട് സെല്ലിന്‍റെയും മഹാരാജാസ് അലുമിനി അസോസിയേഷന്‍റെയും സഹകരണത്തോടെയായിരുന്നു പരിപാടി.