പൊരിവെയിലിൽ വെന്തുരുകുമ്പോൾ നേരെ പത്തനംതിട്ട പെരുമ്പെട്ടിയിലേക്ക് പോരൂ, തൃപ്പലിയും കൽക്കണ്ടവും ബദാമുമൊക്കെ ചേർന്ന നല്ല വെന്ത മുന്തിരി സർബത്ത് കിട്ടും. പെരുമ്പെട്ടി സ്വദേശി അഭിലാഷിന്റെ സ്പെഷൽ സർബത്ത് വിശേഷങ്ങൾ കാണാം.
കറുത്ത മുന്തിരി ഉപ്പും മഞ്ഞളും ചേർത്ത് കഴുകി മൂന്നുമണിക്കൂറോളം തിളപ്പിച്ചുണ്ടാക്കുന്ന വെന്ത മുന്തിരി സർബ്ബത്ത്. മുന്തിരി വൃത്തിയാക്കുന്നതും സർബത്ത് തയ്യാറാക്കുന്നതുമൊക്കെ അഭിലാഷിന്റെ വീട്ടിൽ വച്ചാണ്. ഒൻപത് മണിക്ക് കടയിൽ കൊണ്ടുവരും. പിന്നെ ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച് സോഡയോ വെള്ളമോ ചേർത്ത് നൽകും. സർബത്തിന് രുചി കൂട്ടുന്നത് ഏലക്കയും ഗ്രാമ്പൂവും തൃപ്പലിയും പുതിനയും കൽക്കണ്ടവും ബദാമും ഒപ്പം അഭിലാഷിന്റെ ട്രേഡ് സീക്രട്ടായ ചില രുചിക്കൂട്ടുകളുമാണ്.
ദിവസവും 10 കിലോ മുന്തിരി പാനീയമാക്കുന്നുണ്ട്. വ്യത്യസ്ത രുചിയും, വൃത്തിയുമാണ് ആകർഷിക്കുന്നതെന്ന് കടയിൽ സ്ഥിരമായി എത്തുന്നവർ. ചെറുകോൽപ്പുഴ - പൂവനക്കടവ് റോഡിൽ മഠത്തുംചാൽ ജംഗ്ഷന് സമീപത്താണ് അഭിലാഷിന്റെ അമ്പാടിക്കട. രാവിലെ ഒൻപത് മണിയോടെ തയ്യാറാക്കുന്ന പാനീയം വെകിട്ട് ഏഴുമണിക്ക് മുൻപായി തീരും.