Untitled design - 1

താന്‍ നേരിട്ട ലൈംഗിക ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും, മേക്കപ്പ് ഡിസൈനര്‍ മിറ്റ ആന്‍റണിക്കും എതിരായ അതീവ ഗുരുതര ആരോപണങ്ങളും ഈ കത്തിലുണ്ട്. 2014ല്‍ സജി കൊരട്ടി എന്ന മേക്കപ് മാനില്‍ നിന്നുണ്ടായ ലൈംഗിക ആക്രമണം സഹിക്കാൻ വയ്യാതെ ഫെഫ്കയ്ക്ക് ഉള്ളിലുള്ള മേക്കപ് സംഘടനയിൽ പരാതി കൊടുത്തിട്ടും യാതൊരു തരത്തിലും ഫലമുണ്ടായില്ലെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശിവപ്രിയ മനീഷ്യയുടെ കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ; 'നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തികൾ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടാകുമെന്ന് പറഞ്ഞതനുസരിച്ച്, ഒരു വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്‍റെ വർക്കിൽ (Mita Antony) കൂടെ ഊട്ടിയിലേക്ക് പോയി. 65 ദിവസം വർക്കുണ്ടെന്നും, അഡ്ജസ്റ്റ്മെന്‍റ് വേണമെന്നും ആവശ്യപ്പെട്ടു. ഇത് ആർക്കാണെന്ന് ചോദിക്കുകയും എതിർക്കുകയും ചെയ്തപ്പോള്‍ എന്നെ വർക്കിൽ നിന്ന് പുറത്താക്കി. 

ഇവരും ഇവരുടെ കൂട്ടാളികളും ചേർന്ന് എന്‍റെ ജോലി നഷ്ടപ്പെടുത്തുന്നതിനെ തുടർന്ന് ഞാൻ ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പിട്ടു. പിന്നീട് ഫെഫ്കക്ക് ചീത്ത പേരുണ്ടാകുമെന്ന് ഭയന്ന് വനിതാ സംഘടന എന്ന രൂപേണെ ഒരു പ്രഹസനമുണ്ടായി. ഒറ്റ ദിവസം കൊണ്ടു തന്നെ വനിതാ സംഘടനയുടെ ജനനവും മരണവും നടന്നു. ഇതിന് കാരണം ഭാഗ്യലക്ഷ്മി എന്നു പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. ഇതു തകർത്തത് അവരുടെ അധികാരമോഹമാണ്. ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും സംഘടനയെ ഇല്ലാതാക്കി കളഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ,  ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകൾക്ക് വീണ്ടും ഒരു ആശ്വാസമുണ്ടായി. അവർ ധൈര്യത്തോടെ കൂടി മാധ്യമങ്ങളുടെ മുമ്പിൽ വരുകയും തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു. തുടർന്ന് ഈ പ്രശ്നം ഫെഫ്കക്കുള്ളിൽ നിൽക്കില്ല എന്ന് മനസ്സിലാക്കിയ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും സോഹൻലാലും വീണ്ടും ഫെഫ്കയിലെ വനിതകളുടെ കൂട്ടായ്മയെ വിളിച്ചുവരുത്തി. ഫെഫ്കയ്ക്ക് കീഴിലെ 21 യൂണിയനിലെ സെക്രട്ടറിമാരെയും പ്രസിഡന്‍റിനെയും ഉൾപ്പെടുത്തി (സെക്രട്ടറിയും പ്രസിഡന്‍റും പുരുഷന്മാരാണ്) ഇവരെ വീണ്ടും അപമാനിച്ചു. ഇതിൽ ബി.ഉണ്ണികൃഷ്ണൻ പ്രസംഗിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഇരകളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളുമല്ല. മറിച്ച് അവരുടെ വീര സാഹസിക കഥകൾ ആയിരുന്നു. ആ പ്രസംഗത്തിൽ സഹപ്രവർത്തകയായ സ്ത്രീകള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രസംഗം നിർത്തിവയ്ക്കേണ്ടി വന്നു. 

അതിനുശേഷം ഡബ്ബിങ് ആർട്ടിസ്റ്റ്  ഭാഗ്യലക്ഷ്മി സംസാരിക്കുവാൻ തുടങ്ങി. പരാതി കൊടുത്ത സ്ത്രീകളെ അത്രയും പുരുഷന്മാരുടെയും സ്ത്രീകളുടെയും മുമ്പിൽവെച്ച് അപമാനിച്ചാണ് അവര്‍ സംസാരിച്ചത്. അവർ മലർന്നു കിടന്ന് തുപ്പരുത് എന്ന് പറഞ്ഞതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടായി. അവരെ പ്രസംഗിക്കാൻ അനുവദിക്കാതെ ആ മീറ്റിംഗ് അവിടെ അലസിപ്പിരിഞ്ഞു. രണ്ടുദിവസത്തിനുശേഷം ഭാഗ്യലക്ഷ്മിയെ അനുകൂലിക്കുന്ന രണ്ടുമൂന്നു സ്ത്രീകളെ ക്ലാസ് കൊടുത്ത്പത്രസമ്മേളനം നടത്തിച്ച് ഇരകളെ അപമാനിച്ചു.

അതിജീവിതകളായിട്ടുള്ള വ്യക്തികള്‍ക്ക് മാനസികമായ പിന്തുണ പോലും കൊടുക്കാത്ത ഭാഗ്യലക്ഷ്മിയെ എങ്ങനെയാണ് നമ്മുടെ നേതൃസ്ഥാനത്ത് കാണുന്നത്. പുതിയ വനിതാ സംഘടന രൂപീകരിച്ചത് ഇവിടെയുള്ള പെർമനന്റ് മെമ്പർ ആയിട്ടുള്ള ഒരു സ്ത്രീകളും അറിഞ്ഞിട്ടില്ല. 

മേക്കപ്പ് യൂണിയനിൽ റേഡിയോ പോലെ കേൾക്കാൻ മാത്രമുള്ള ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ. അതിനാൽ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയാത്തത് കൊണ്ട്മറ്റൊരു മേക്കപ്പ് മാൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞ ഒരു കാര്യത്തെ കൂട്ടുപിടിച്ച് സെക്രട്ടറി എന്നെ പുറത്താക്കുകയും എന്‍റെ തൊഴിൽ നിഷേധിക്കുകയും ചെയ്യുകയാണ്. ഇത്തരത്തിലുള്ള ഹീനമായ പ്രവർത്തികൾ ആണ് ഈ മേക്കപ്പ് യൂണിയൻ സെക്രട്ടറി ചെയ്തുകൊണ്ടിരിക്കുന്നത്. 

തെളിവുകളോട് കൂടിയുള്ള പരാതികളാണ് ഈ സ്ത്രീകൾ കൊടുത്തിട്ടുള്ളത്. നമ്മുടെ ഗവൺമെൻറ് ഒരുവശത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ, ഈ സിനിമാ സംഘടനയിലെ ചലച്ചിത്ര തൊഴിലാളികളായ  സ്ത്രീകളെ ചിലര്‍ അപമാനിക്കുകയാണ്. ഇവിടുത്തെ സംഘടനാ മേധാവികൾ എന്താണ് ചെയ്യുന്നത്? ജോയിൻ സെക്രട്ടറി ആയ സുബ്രമണ്യൻ മഞ്ജലി എന്ന വ്യക്തി ഒരു നാലു വയസുകാരിയെ പീഡിപ്പിച്ചിട്ട് പോലും അദ്ദേഹത്തിനെ ഇതുവരെ പുറത്താക്കിയിട്ടില്ല. എന്താണ് സ്ത്രീ സുരക്ഷിതത്വം എന്നാണ് ഇവർ വിചാരിക്കുന്നത്?. പേടി കൂടാതെ എന്നാണ് നമുക്ക് ജോലി ചെയ്യാൻ കഴിയുന്നത്? സാധാരണക്കാരിയായ ഒരു സ്ത്രീയുടെ തുറന്നു പറച്ചിലാണ് ഇത്. എല്ലാവരും ഇത് ഷെയര്‍ ചെയ്യണം. ദാരിദ്ര്യത്തിന്റെ കൊടുമുടിയിലും ആത്മഹത്യയുടെ വക്കിലും ആണ്. 

ENGLISH SUMMARY:

Sivappriya Maneeshya fb post about Sexual Harassment. Make-up artist writes an open letter to the Chief Minister about the sexual assault she faced. The letter also contains very serious allegations against dubbing artist Bhagyalakshmi and make-up designer Mitta Antony.