പിണങ്ങി കഴിയുന്ന ഭാര്യയുമായി സൗഹൃദമാകാന്‍ മകനെ വീടിന്റെ ടെറസില്‍ ഒളിപ്പിച്ച ശേഷം, മകനെ കാണാനില്ലെന്ന് പരാതി നല്‍കി പൊലീസിനെ വട്ടംചുറ്റിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പൂയപ്പളളിയിലാണ് നാല്‍പ്പത്തിനാലുകാരനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഭാര്യയുടെ പിണക്കം മാറ്റാനാണ് മകനെ ഒളിപ്പിച്ച് അതിബുദ്ധി കാണിച്ചത്. ഇനി ഏതെങ്കിലും കാലം ആ ഭാര്യ പിണക്കം മാറ്റുമോ എന്നതാണ് ഉയരുന്ന സംശയം.
ചെറിയവെളിനല്ലൂർ റോഡുവിള ദാറുൽ സലാമിൽ 44 വയസുള്ള നിസാർ ആണ് സംഭവത്തില്‍ അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാൾ കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് പതിമൂന്നുവയസുളള കുട്ടിയെ കാണാനില്ലെന്ന് നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. നിസാറിന്റെ ഭാര്യയോടൊപ്പം കഴിഞ്ഞിരുന്ന മകന്‍ നിസാറിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. തിരികെ ഭാര്യയുടെ അടുത്തേക്ക് മകനെ വിട്ടില്ല. രാത്രി വീടിന്റെ ടെറസില്‍ ഒളിപ്പിച്ചു വച്ചു.
തുടര്‍ന്നാണ് മകനെ കാണാനില്ലെന്ന് എല്ലാവരോടും പറഞ്ഞത്. നാട്ടുകാരും, ബന്ധുക്കളും പല സ്ഥലങ്ങളിലും കുട്ടിക്കായി തിരച്ചിൽ നടത്തി. പൊലീസ് സിസിടിവിയൊക്കെ പരിശോധിക്കാനും തുടങ്ങി. ആശങ്കയോടെ എല്ലാവരും കുട്ടിക്കായി തിരച്ചില്‍ നടത്തുമ്പോഴാണ് പൊലീസ് വീടും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചത്. വീടിന്റെ ടെറസില്‍ ഇരിക്കുന്ന കുട്ടിയെ കണ്ട് പൊലീസും ഞെട്ടി. ആരാണ് ഇവിടെ ഇരുത്തിയതെന്ന് ചോദിച്ചപ്പോള്‍ പിതാവാണെന്നായിരുന്നു കുട്ടിയുടെ മറുപടി.
ഭാര്യയുമായി സൗഹൃദത്തിലാകുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു നിസാറിന്റെ മറുപടി. കളളപ്പരാതി നല്‍കി പൊലീസിനെ തെറ്റിധരിപ്പിച്ചതിന്റെ പേരിൽ നിസാറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി വിട്ടയച്ചു.