wayand

TOPICS COVERED

മുണ്ടകൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്നേക്ക് ആറു മാസം തികയുകയാണ്. നാന്നൂറോളം മനുഷ്യര്‍ മണ്ണോട് ചേര്‍ന്ന ദുരന്തത്തിനു മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ പുരോഗതിയൊന്നും പറയാനില്ല. മൂന്നു വാര്‍ഡുകളിലായി കഴിഞ്ഞവര്‍ 16 പഞ്ചായത്തുകളില്‍ തന്നെ തുടരുകയാണ്. പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട നടപടി തുടരുന്നുണ്ടെങ്കിലും ഇതുവരെ ഉപഭോക്തൃ പട്ടിക പോലും പുറത്തിറക്കാത്തതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ടൗണ്‍ഷിപ്പിനു ഭൂമി കണ്ടെത്തി സര്‍വേ പൂര്‍ത്തിയാക്കിയെങ്കിലും ഏറ്റെടുക്കല്‍ വൈകുന്നതില്‍ ആശങ്കയുണ്ട്.

അടുത്ത വര്‍ഷക്കാലത്തിനു മുമ്പെങ്കിലും ഒരിടത്തേക്ക് മാറണമെന്നായിരുന്നു ദുരന്തബാധിതരുടെ ആവശ്യം. പക്ഷെ നിലവിലെ വേഗതക്കുറവ് പ്രതീക്ഷയ്‌ക്ക് വില്ലനാവുന്നുണ്ട്. തകര്‍ന്ന ജീവിതം പതിയെ കെട്ടിപടുക്കുകയാണവര്‍.

ആറു മാസം തികയുന്ന ഇന്ന് ദുരന്തബാധിതര്‍ക്ക് സര്‍ക്കാരിനോടും വൈദ്യുതി മന്ത്രിയോടും ഒരു അഭ്യര്‍ഥനയുണ്ട്. നേരത്തെ പ്രഖ്യാപിച്ച ആറു മാസത്തെ വൈദ്യുതി ബില്ല് അടക്കേണ്ടതില്ലെന്ന പ്രഖ്യാപനം   പുനരധിവാസം പൂര്‍ത്തിയാകും വരെ എന്നാക്കണമെന്ന അഭ്യര്‍ഥന.

എന്നാല്‍ വാടക തുക മുടങ്ങാത്തതിലും കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലും ദുരന്തബാധിതര്‍ക്കു ആശ്വാസമുണ്ട്. പരമ പ്രധാനമായ പുനരധിവാസത്തില്‍ കൂടി സര്‍ക്കാര്‍ വേഗത വരുത്തിയാല്‍ അതൊരു പ്രതീക്ഷയാകും.