നെറ്റിപ്പട്ടം ആനകള്‍ക്ക് അലങ്കാരവും ആളുകള്‍ക്ക് പ്രൗഢിയുടെ അടയാളവുമാണ്. പക്ഷേ രാജീവനിത് അതിജീവനമാണ്. പതിമൂന്നു വയസ്സുമുതല്‍ ജോലിക്ക് പോയിതുടങ്ങിയ രാജീവന് 2014 ലാണ് പണിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണ് അരയ്ക്ക് താഴേക്ക് തളര്‍ന്നു. കയ്യിലുള്ളതെല്ലാം എടുത്ത് ചികല്സിച്ചെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ജോലിക്ക് പോകാന്‍ കഴിയാതെ വീട്ടിലിരിക്കുമ്പോഴാണ് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. അത് പിന്നെ രാജീവന്റെ ഉപജീവനമാര്‍ഗമായി മാറി.
അമ്മയാണ് കൂട്ട്. പാടെ കിടപ്പിലാകുമ്പോള്‍ അമ്മ സരസ്വതിയാണ് നെറ്റിപ്പട്ട നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുന്നതും ജോലിയില്‍ സഹായിക്കുന്നതും.
മിമിക്രി കലാകാരന് കൂടിയായ രാജീവന് ബംബര്‍ ചിരി പോലെയുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. രണ്ട് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രാജീവന് ഇപ്പോള്‍ സിനിമയാണ് ലക്ഷ്യം.
വീല്‍ചെയറിലിരുന്ന് വിധിയെ പഴിക്കുവാനല്ല, മറിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജീവിതത്തോട് പൊരുതുവാന്‍ തന്നെയാണ് രാജീവന്റെ തീരുമാനം. ഒരു പിടി നല്ല മനസ്സുകള്‍ ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെ.