വ്യത്യസ്ഥമായൊരു സോളര്‍ വാഹനം നിര്‍മിച്ച് കലഞ്ഞൂര്‍ മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. വെയിലത്ത് സോളറില്‍ ഓടുന്ന വാഹനം മഴക്കാലമായാല്‍ ഇന്ധനമടിച്ച് ഓടിക്കാം . പത്താംക്ലാസ് വിദ്യാര്‍ഥി ആദിത്യനും കൂട്ടുകാരും ചേര്‍ന്നാണ് വാഹനം നിര്‍മിച്ചത്
എട്ടാംക്ലാസില്‍ തുടങ്ങിയ മോഹമാണ് ഈ കുട്ടുകാര്‍ പത്താം ക്ലാസിലെത്തിയപ്പോള്‍ പൂര്‍ത്തീകരിച്ചത്. വെയിലുള്ളപ്പോള്‍ സൗരോര്‍ജത്തില്‍ ഓടും.ഇരുട്ടോ മഴയോ ആണെങ്കില്‍ പെട്രോളിലും ഓടും.ഇതാണ് ആദിത്യനും കൂട്ടുകാരും നിര്‍മിച്ച വാഹനം. 12 വാട്സിന്‍റെ രണ്ട് സോളര്‍ പാനലുകളാണ് വാഹനത്തിനുള്ളത്.ആദിത്യന്‍റെ അച്ഛന്‍ ഇരുചക്ര വാഹനങ്ങളുടെ മെക്കാനിക്കാണ്. അദ്ദേഹവും നിര്‍മാണത്തിന് സഹായിച്ചു.
പെട്രോളില്‍ തുടങ്ങിയ ആലോചനയാണ് ഹൈഡ്രജനും കടന്ന് സോളര്‍ വാഹനത്തില്‍ എത്തിയത്.സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നപ്പോള്‍ ആശയം വളര്‍ന്നു. ആക്രിക്കടയില്‍ നിന്നാണ് സാധനങ്ങള്‍ എല്ലാം സംഘടിപ്പിച്ചത്. ചെലവോര്‍ത്ത് സ്വപ്നം ഉപേക്ഷിക്കാനിരുന്നപ്പോള്‍ അധ്യാപകരാണ് സാമ്പത്തികമായി തുണച്ചത്.ഇതിനെ ഒരു കാറിന്‍റെ രൂപത്തില്‍ ആക്കണമെന്നാണ് മോഹം.കഴിഞ്ഞ ദിവസം സ്കൂളിലെ അസംബ്ലിയിലാണ് വാഹനം അവതരിപ്പിച്ചത്